LATESTWORLD

‘ഭരണനേതൃത്വത്തില്‍ ഇനി വനിതകളും’; ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ, നിര്‍ണായക തീരുമാനം

റോം: വത്തിക്കാനിലെ ഭരണ സംവിധാനത്തില്‍ നിര്‍ണായക മാറ്റം വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. മാമോദീസ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള ഏത് കത്തോലിക്കക്കാര്‍ക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ എത്താനാകുമെന്ന് വ്യക്തമാക്കുന്ന പുതിയ അപ്പസ്‌തോലിക രേഖ മാര്‍പാപ്പ പുറത്തിറക്കി.
നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന രീതിക്കാണ് മാര്‍പാപ്പ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ‘പാസ്തര്‍ ബോനുസ്’ എന്ന ഭരണഘടനയ്ക്ക് പകരമായിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ 54 പേജുള്ള ഭരണഘടന പുറത്തിറക്കിയത്. ‘പ്രോഡീക്കേറ്റ് ഇവാന്‍ജലിയം’ എന്ന പുതിയ ഭരണരേഖ പന്തക്കുസ്ത ദിനമായ ജൂണ്‍ അഞ്ചിന് നിലവില്‍ വരും. 54 പേജുള്ള പുതിയ ഭരണഘടന ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിന്റെ ഒമ്പതാം വാര്‍ഷികദിനവും വിശുദ്ധ യൗസേപ്പിന്റെ തിരുനാളുമായ ഇന്നലെയാണ് പുറത്തിറക്കിയത്. പുതിയ തീരുമാനത്തോടെ കര്‍ദിനാള്‍മാര്‍ കൈകാര്യം ചെയ്തിരുന്ന ഭരണ സംവിധാനങ്ങളില്‍ വനിതകള്‍ക്കും പ്രവര്‍ത്തിക്കാനാകും.
മുന്‍പ് പ്രധാനമായും കര്‍ദിനാള്‍മാരും ബിഷപ്പുമാരോ മാത്രമായിരുന്നു ഭരണ സംവിധാനത്തില്‍ ഇടപെടാന്‍ സാധിച്ചിരുന്നത്. പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. മാര്‍പാപ്പയും ബിഷപ്പുമാരും മറ്റ് നിയുക്ത ശുശ്രൂഷകരും സഭയിലെ സുവിശേഷകര്‍ മാത്രമല്ലെന്ന് പുതിയ അപ്പസ്‌തോലിക രേഖയുടെ ആമുഖം വ്യക്തമാക്കുന്നുണ്ട്. സാധാരണക്കാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉത്തരവാദിത്തപ്പെട്ട റോളുകള്‍ ഭരണസംവിധാനത്തില്‍ ഉണ്ടായിരിക്കും. മാര്‍പാപ്പയുടെ തീരുമാനത്തിന് പിന്നാലെ നിയമനമുണ്ടായാല്‍ മാമോദീസ സ്വീകരിച്ച വിശ്വാസികളായ ഏതൊരു അംഗത്തിനും ഭരണസംവിധാനത്തിന്റെ ഭാഗമാകാനാകും.
ഭരണവകുപ്പുകളുടെ എണ്ണം പതിനാറായി ഏകോപിപ്പിച്ച് പേര് ‘ഡികാസ്റ്ററി’ എന്നു മാറ്റുകയും ചെയ്തു. പുതിയ ഭരണഘടനയില്‍ അല്‍മായ പുരുഷന്മാരും സാധാരണ സ്ത്രീകളും തമ്മില്‍ വേര്‍തിരിവില്ലെങ്കിലും രണ്ട് വകുപ്പുകളെങ്കിലും പുരുഷന്മാരുടെ നേതൃത്വത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഭാവിയില്‍ കന്യാസ്ത്രീകള്‍ നിര്‍ണായക പദവിയില്‍ എത്തുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ാേ
കഴിഞ്ഞവര്‍ഷം വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണര്‍ പദവിയിലേക്ക് സിസ്റ്റര്‍ റാഫെല്ല പെ ട്രിനിയെ തെരഞ്ഞെടുത്തിരുന്നു. അതേവര്‍ഷം തന്നെ ഇറ്റലിയില്‍ നിന്നുള്ള കന്യാസ്ത്രീയായ സിസ്റ്റര്‍ അലസാന്ദ്ര സ്‌മെറില്ലിയെ നീതി സമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്‍ വികസന കാര്യാലയത്തിന്റെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചിരുന്നു.

Related Articles

Back to top button