BREAKING NEWSWORLD

യൂറോപ്പിലെ ഏറ്റവും വലിയ ഉരുക്ക് ശാല തകര്‍ത്ത് റഷ്യ; 14,700 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

കീവ്: റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനില്‍ തകര്‍ന്നത് ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് ഉരുക്ക് ശാല. തുറമുഖ നഗരമായ മരിയൂപോളിലെ അസോവ് സ്റ്റല്‍ അയോണ്‍ ആന്‍ഡ് സ്റ്റീല്‍ വര്‍ക്‌സ് എന്ന സ്ഥാപനമാണ് തകര്‍ക്കപ്പെട്ടതെന്ന് യുക്രൈന്‍ വ്യക്തമാക്കി.
മിസൈല്‍ ആക്രമണം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുമ്പ് ഉരുക്ക് ശാലയില്‍ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിലെ നാശനഷ്ടം എത്രത്തോളമുണ്ടെന്ന് വ്യക്തമായിട്ടില്ല. റഷ്യന്‍ ആക്രമണം ഉണ്ടായതായി യുക്രൈനിലെ നിയമസഭാംഗം ലെസിയ വാസിലെങ്കോ ട്വിറ്ററിലൂടെ വ്യക്തമാക്കി. ‘റഷ്യ നടത്തിയത് കനത്ത ആക്രമണമാണ്. കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. യുക്രൈന്റെ പ്രദേശങ്ങളെല്ലാം നശിച്ച അവസ്ഥയിലാണ്’ എന്നും നിയമസഭാംഗം കൂടിയായ ലെസിയ വാസിലെങ്കോ വ്യക്തമാക്കി.
വ്യവസായ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ വാസിലെങ്കോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതേസമയം, യുദ്ധത്തില്‍ ഇതുവരെ 14,700 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കി. 14,700 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും എതിരാളികളുടെ സൈനിക വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കീകള്‍, 947 വാഹനങ്ങള്‍ എന്നിവ തകര്‍ത്തതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ചര്‍ച്ചകള്‍ തുടരുമ്പോഴും യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോള്‍ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്‌കൂള്‍ കെട്ടിടം റഷ്യ ബോംബാക്രമണത്തില്‍ തകര്‍ത്തു. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്ന് യുക്രൈന്‍ വ്യക്തമാക്കി. തകര്‍ന്ന കെട്ടിടത്തിനുള്ള നിരവധിയാളുകള്‍ കുടുങ്ങി കിടക്കുകയാണ്. മരിയുപോള്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങുന്ന റഷ്യന്‍ സൈന്യം നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകര്‍ത്തു. ടാങ്കുകള്‍ ഉപയോഗിച്ചാണ് നഗരത്തില്‍ റഷ്യ ആക്രമണം നടത്തുന്നത്.
റഷ്യന്‍ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഇതുവരെ യുക്രൈനില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകള്‍ എത്തിയത് പോളണ്ടിലേക്കാണ്.

Related Articles

Back to top button