BREAKING NEWSKERALALATEST

ചാർജ് വർധനവിൽ നടപടികൾ അന്തിമഘട്ടത്തിൽ; സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യ നീക്കമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയനുകൾ അവരുടെ സമ്മർദം കൊണ്ടാണ് അവകാശങ്ങൾ നേടിയെടുത്തത് എന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ സമരവും. ചാർജ് വർധനവിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സമരക്കാർക്ക് അറിയാം. പക്ഷേ ഈ പരീക്ഷാസമയത്ത് ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരം ശരിയാണോ എന്ന് ആത്മപരിശോധന നടത്തണം. മന്ത്രി പറഞ്ഞു.ചാർജ് വർധനവ് സംബന്ധിച്ച് സർക്കാരിന്റെ തീരുമാനം വൈകിയെന്ന് പറയാനാകില്ല. ഇതിനെല്ലാം കൃത്യമായ നടപടിക്രമങ്ങളുണ്ട്. എല്ലാ മേഖലകളെയും ബാധിക്കുന്നതിനാൽ ഓരോരുത്തർക്കായി വേഗം ചാർജ് കൂട്ടാൻ കഴിയുന്നതല്ല.

പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടെയുമെല്ലാം ഭാഗം കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ. ചാർജ് വർധനവുണ്ടാകില്ലെന്ന നിഷേധാത്മകമായ സമീപനമാണ് സർക്കാർ തീരുമാനിച്ചതെങ്കിൽ സമരത്തിന് ന്യായീകരണമുണ്ടായേനെ. ഇനിയും ചർച്ച വേണമെന്നാണ് പറയുന്നതെങ്കിൽ അതിനും സർക്കാർ തയ്യാറാണ്. ഗതാഗതമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം ഭാഗികമാണ്. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ പണിമുടക്ക് നടത്തുന്നത്.

Related Articles

Back to top button