BREAKING NEWSKERALA

ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം വേറെ; ഉടമകള്‍ പിടിവാശി ഉപേക്ഷിക്കണം: ഗതാഗത മന്ത്രി

തിരുവനന്തപുരം: സമരം ചെയ്യുന്ന ബസ് ഉടമകള്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പെട്ടെന്നുള്ള സമരത്തിന് പിന്നിലുള്ള ലക്ഷ്യം വേറെയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും അത് എങ്ങനെ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് ഈ മാസം 30ാം തീയതി നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബസ് സമരത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയും ഇല്ല. സംഘടനയിലെ ചില നേതാക്കള്‍ക്ക് മാത്രമാണ് പിടിവാശി. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ല എന്ന ഭാഷയാണ് ബസ് ഉടമകള്‍ക്ക്. സര്‍ക്കാര്‍ വാക്ക് പാലിച്ചു കൊണ്ടാണ് മുമ്പോട്ട് പോകുന്നത്. ബസ് ചര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി കമ്മിറ്റിയെ വെച്ചു അവരുമായി നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പൊതുജനാഭിപ്രായം തേടി, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി, അതിനുശേഷം 30ാം തീയതി എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് ഈ കാര്യത്തില്‍ അന്തിമമായി ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞതിന് ശേഷം ഇങ്ങനൊരു സമരം ചെയ്യുന്നതിന്റെ ലക്ഷ്യം മറ്റു ചിലതാണ്. അത് ചില സംഘടനാ നേതാക്കളുടെ സ്ഥാപിത താല്‍പര്യമാണ്. തങ്ങള്‍ സമരം ചെയ്തിട്ടാണ് ഫെയര്‍ റിവിഷന്‍ ഉണ്ടായതെന്ന് ബസുടമകളെ ബോധ്യപ്പെടുത്താനുള്ള സ്ഥാപിത താല്‍പര്യമാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു.
ഓട്ടോ ടാക്‌സി സംഘടനകള്‍ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവര്‍ സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിച്ചു. അവര്‍ സമരത്തിന് പോയില്ല. കാര്യം ബോധ്യപ്പെട്ടതു കൊണ്ടാണ് ഓട്ടോ ടാക്‌സി സംഘടനകള്‍ സമരത്തിന് പോകാത്തതെന്നും മന്ത്രി പറഞ്ഞു.
ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ച് സമരം പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. ചാര്‍ജ് വര്‍ധനവ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അത് എങ്ങനെ നടപ്പിലാക്കണം, എന്ന് നടപ്പാക്കണം എന്ന് 30ാം തീയതിയുള്ള എല്‍ഡിഎഫ് യോഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതലൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ചര്‍ച്ചയ്ക്ക് വിളിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button