BREAKING NEWSKERALALATEST

ബജറ്റ് ചര്‍ച്ചയില്‍ വാക്കേറ്റം; തിരുവനന്തപുരം നഗരസഭയില്‍ സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയ്ക്കിടെ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെയായിരുന്ന ബജറ്റ് അവതരണം. ഇന്ന് ബജറ്റിന്മേലുള്ള ചര്‍ച്ച നടക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തങ്ങള്‍ക്ക് സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. ഇത് ഭരണപക്ഷ അംഗങ്ങളുമായുള്ള വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു.
ബിജെപി കൗണ്‍സിലറായ മഞ്ജുവിന് മര്‍ദ്ദനമേറ്റതായി ആരോപിച്ച് ബിജെപി രംഗത്ത് വന്നു. സിപിഎം കൗണ്‍സിലറായ നിസാമുദീനാണ് ആക്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി ആക്രമിച്ചുവെന്ന് സിപിഎമ്മും ആരോപിച്ചു.
ഇരു കൂട്ടരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ പോയെങ്കിലും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് പോലീസ് ഇടപെട്ടു. സംസാരിക്കാന്‍ സമയം നല്‍കുന്നില്ലെന്ന ആരോപണം ബിജെപി ഉന്നയിച്ചപ്പോള്‍ കൗണ്‍സിലിലെ അംഗസംഖ്യ അനുസരിച്ച് എല്ലാവര്‍ക്കും സംസാരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയതിനെയയും മേയര്‍ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ബിജെപി അംഗങ്ങള്‍ പ്രകോപിതരായി മുന്നോട്ടുവന്നത്. ഇത് പിന്നീട് രണ്ട് കൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കുമെത്തി. ബഹളത്തെ തുടര്‍ന്ന് 11.45 ഓടെ ചര്‍ച്ച പൂര്‍ത്തിയാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Back to top button