BREAKING NEWSLATESTNATIONALTOP STORY

ജിഗ്നേഷ് മേവാനിയെ വിടാതെ അസം പൊലീസ്; ജാമ്യം കിട്ടിയതിന് പിന്നാലെ വീണ്ടും അറസ്റ്റ്

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്ത് അസം പൊലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മേവാനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചാണ് ജാമ്യം അനുവദിച്ചതിന് പിന്നാലെ അറസ്റ്റ് ചെയ്തത്. അസം കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റ്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പാലന്‍പുരില്‍ വച്ചായിരുന്നു അറസ്റ്റ്.

അസമിലെ കൊക്രജാറില്‍ നിന്നുള്ള പ്രാദേശിക ബിജെപി നേതാവായ അനൂപ് കുമര്‍ ഡെ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ആളുകളെ ഭിന്നിപ്പിക്കുന്നതും എപ്പോഴും നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതുമാണ് പോസ്റ്റുകള്‍ എന്ന് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, ആരാധനാലയവുമായി ബന്ധപ്പെട്ട കുറ്റകൃത്യം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് കാരണമായേക്കാവുന്ന പ്രകോപനം എന്നീ കുറ്റങ്ങളാണ് ജിഗ്നേഷിനെതിരെ ചുമത്തിയിരുന്നത്.

മോദിയുടെ കടുത്ത വിമര്‍ശകനായ മേവാനി തന്റെ അറസ്റ്റിനെ പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് ജിഗ്‌നേഷ് മേവാനി.

Related Articles

Back to top button