AUTOBREAKING NEWSFOUR WHEELER

വാങ്ങി ആറാം ദിവസം തകരാറിലായി; ഒല സ്‌കൂട്ടര്‍ കഴുതയെ ഉപയോഗിച്ച് കെട്ടിവലിച്ച് യുവാവ്

മുംബൈ: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒലയില്‍ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് കഴുതയെ ഉപയോഗിച്ച് സ്‌കൂട്ടര്‍ കെട്ടിവലിച്ച് യുവാവ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ള സച്ചിന്‍ ഗിറ്റെ എന്നയാളാണ് കഴിഞ്ഞ ഞായറാഴ്ച നഗരത്തിലൂടെ കഴുതയെ ഉപയോഗിച്ച് സ്‌കൂട്ടര്‍ കെട്ടിവലിച്ചത്.
ഒല കമ്പനിയെ വിശ്വസിക്കരുതെന്ന് വ്യക്തമാക്കുന്ന ബാനറുകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ‘തട്ടിപ്പ് കമ്പനിയായ ഒലയെ സൂക്ഷിക്കുക, ഒലയുടെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങരുത്’ എന്നിങ്ങനെയായിരുന്നു ബാനറുകളില്‍ യുവാവ് എഴുതിയിരുന്നത്. പ്രാദേശിക വാര്‍ത്താ ചാനലായ ‘ലെറ്റ്‌സ് അപ്പ്’ മറാഠി ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് ഗിറ്റെയുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. യുവാവിന്റെ വ്യത്യസ്തമായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഒല കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി ആറാം ദിവസം തന്നെ വാഹനം തകരാറിയിലായെന്ന് യുവാവ് പറഞ്ഞു. തകരാര്‍ സംബന്ധിച്ച പരാതി അറിയിച്ചതോടെ ജീവനക്കാരെ അയച്ച് സ്‌കൂട്ടര്‍ പരിശോധിച്ചു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കമ്പനി താല്‍പ്പര്യം കാണിച്ചില്ല. കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് പരാതി അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണമോ വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമമോ ഉണ്ടായില്ല. തുടര്‍ന്നാണ് പരസ്യമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് സച്ചിനെ ഉദ്ധരിച്ച് ലെറ്റ്‌സ് അപ്പ് റിപ്പോര്‍ട്ട് ചെയ്തു.
ഒല കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് സച്ചിന്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ച് പരാതി അറിയിച്ചു. കമ്പനിയില്‍ നിന്നും വാഹനം വാങ്ങുന്ന ആളുകള്‍ക്ക് സാമ്പത്തിക പരിരക്ഷയില്ല. ഒല കമ്പനിയെക്കുറിച്ച് വ്യക്തമായി പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സച്ചിന്‍ ഗിറ്റെയുടെ പ്രതിഷേധം എബിപി ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാങ്ങി ആറാമത്തെ ദിവസം തന്നെ അദ്ദേഹത്തിന്റെ വാഹനം തകരാറിലായെന്ന് മാധ്യമം വ്യക്തമാക്കി. 2021 സെപ്റ്റംബറിലാണ് സച്ചിന്‍ ഗിറ്റെ സ്‌കൂട്ടര്‍ ബുക്ക് ചെയ്തത്. 2022 മാര്‍ച്ച് 24ന് വാഹനം ലഭിച്ചെങ്കിലും ആറ് ദിവസം മാത്രമാണ് വാഹനം ഓടിയത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പരാതി വ്യാപകമാണ്. വാഹനങ്ങള്‍ക്ക് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആയിരക്കണക്കിന് സ്‌കൂട്ടറുകള്‍ ഒല വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Related Articles

Back to top button