KERALALATEST

പള്ളികളില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍; വിവാദ നോട്ടീസിറക്കിയ എസ്.എച്ച്.ഒയെ മാറ്റി

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നല്‍കിയ വിവാദ നോട്ടീസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കണമെന്നായിരുന്നു എസ് എച്ച് ഒയുടെ നിര്‍ദേശം. പള്ളികളില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള പ്രഭാഷണങ്ങളുണ്ടായാല്‍ നടപടിയുണ്ടാകുമെന്നായിരുന്നു എസ് എച്ച് ഒയുടെ മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button