BREAKING NEWSKERALALATEST

ഒരു പ്രതിഷേധവും സഭാ ടി.വിയില്‍ കാണിച്ചിട്ടില്ല; ചിലര്‍ ഫോണില്‍ ദൃശ്യംപകര്‍ത്തി സ്പീക്കര്‍

തിരുവനന്തപുരം: സഭാ ടി.വി.യില്‍ പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചില്ലെന്ന ആരോപണത്തിന് മറുപടിയുമായി സ്പീക്കര്‍ എം.ബി. രാജേഷ്. നിയമസഭയിലെ ഒരു പ്രതിഷേധവും സഭാ ടി.വി.യില്‍ കാണിച്ചിട്ടില്ലെന്നും സഭാ നടപടികള്‍ കാണിക്കുകയെന്നതാണ് സഭാ ടി.വി.യുടെ രീതിയെന്നും സ്പീക്കര്‍ പറഞ്ഞു.
ഇന്ന് സഭയില്‍ ഇരുഭാഗത്തുനിന്നും പ്രതിഷേധമുണ്ടായി. സഭാ ടി.വി. ഒരു പ്രതിഷേധവും കാണിച്ചിട്ടില്ല. സഭാ നടപടികള്‍ കാണിക്കുകയെന്നതാണ് സഭാ ടി.വി.യുടെ രീതി. പാര്‍ലമെന്റിലും കേരളത്തിലുമാണ് സഭാ ടി.വി.യുള്ളത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പാര്‍ലമെന്റ് ടിവിയുടെ രീതിയാണ് ഇവിടെയും പിന്തുടരുന്നത്.
ടി.വി.യില്‍ സഭാ അധ്യക്ഷനെ കാണിക്കും, സംസാരിക്കുന്ന ആളെയും കാണിക്കും, അതാണ് രീതി. ഇന്ന് രാവിലെ സഭ സമ്മേളിച്ചു. ചോദ്യോത്തരവേളയിലേക്ക് കടന്നു. ആദ്യചോദ്യം മുകേഷിന്റേതായിരുന്നു. മന്ത്രി മറുപടി പറഞ്ഞു. അതെല്ലാം സഭാ ടിവിയുടെ ദൃശ്യങ്ങളില്‍ കാണിച്ചു. ആകെ അഞ്ചുമിനിറ്റാണ് സഭ ചേര്‍ന്നത്. രണ്ടേ രണ്ടുപേരാണ് ആകെ സംസാരിച്ചത്.
പ്രതിപക്ഷ നേതാവ് ഇന്ന് മൈക്ക് ആവശ്യപ്പെട്ടില്ല. അതിനാല്‍ അദ്ദേഹത്തെ കാണിക്കാന്‍ അവസരമുണ്ടായില്ല. ദൃശ്യങ്ങള്‍ ആരും മാനുവലായി നിയന്ത്രിക്കുന്നതല്ല. ഓട്ടോമാറ്റിക് ആയി ദൃശ്യങ്ങള്‍ സ്വിച്ച് ചെയ്യുന്നതാണ്. ആര്‍ക്കാണോ മൈക്ക്, അദ്ദേഹത്തെ കാണിക്കുന്നതാണ് രീതിയെന്നും സ്പീക്കര്‍ വിശദീകരിച്ചു.
സഭാ നടപടികള്‍ കാണിക്കാനുള്ളതാണ് സഭാ ടി.വി. മൈക്കില്‍ സംസാരിക്കുന്ന ആളുടെ പിന്നില്‍നിന്ന് ബഹളം വെച്ചാല്‍ അത് ഫ്രെയിമില്‍ കാണിച്ചേക്കാം. എന്നാല്‍ മറ്റൊരു ഭാഗത്തുനിന്ന് ബഹളംവെച്ചാല്‍ അത് കാണിക്കില്ല.
സഭയിലെ എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന് മാധ്യമങ്ങള്‍ വലിയ സമ്മര്‍ദം ചെലുത്തുന്നത് പോലെ തോന്നി. കാണിക്കണമെന്ന് സമ്മര്‍ദം ചെലുത്തിയാല്‍ ഒരു സ്പീക്കര്‍ക്കും അതിന് വഴങ്ങാനാകില്ല. സഭാ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ല. സഭാ ചട്ടങ്ങള്‍ പ്രകാരമേ സ്പീക്കര്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സഭയില്‍ ടേപ്പ് റിക്കാര്‍ഡര്‍ കൊണ്ടുവരാനോ സെല്ലുല്ലാര്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ല. എന്നാല്‍ ഇന്ന് സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. അത് ചില മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വന്നതായും സ്പീക്കര്‍ പറഞ്ഞു.

Related Articles

Back to top button