BREAKING NEWSKERALA

‘മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുന്നു’: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയില്‍നിന്ന് നിയമസഭാ ചട്ടം പഠിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്നു മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണു പറഞ്ഞത്. എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കിട്ടിയോ? എവിടെനിന്നാണു വിവരം കിട്ടിയത്. കേസ് അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പ്രസ്താവന നടത്തിയത് നിയമവിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്.?
സഭ തടസ്സപ്പെടുത്തിയതു മന്ത്രിമാരാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് പ്രതിപക്ഷം നോട്ടിസ് നല്‍കിയത്. ഭരണപക്ഷം മാന്യതയില്ലാതെ പെരുമാറി. അതുകൊണ്ടാണ് അടിയന്തര പ്രമേയം വേണ്ടെന്നുവച്ചത്. സഭ ടിവി സിപിഎം ടിവി ആകേണ്ടതില്ല. സഭ ടിവിയെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പ്രതികളാണ്. ഒന്ന് ശിവശങ്കറും രണ്ട് സ്വപ്ന സുരേഷും. ശിവശങ്കറിനെ തിരികെ സര്‍വീസിലെടുത്തു. പുസ്തകമെഴുതാന്‍ അനുമതി കൊടുത്തു. പുസ്തകത്തിലുള്ളത് വെളിപ്പെടുത്തലുകളാണ്. അതേ കേസിലെ പ്രതി സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ കേസെടുത്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. സാഖിയ ജഫ്രിയയുടെ കുടുംബത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കണ്ടിരുന്നുവെന്ന് മകന്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Related Articles

Back to top button