BREAKING NEWSKERALALATEST

വ്ലോഗർ റിഫ മെഹ്‌നുവിന്റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് അറസ്റ്റിൽ

വ്‌ലോഗർ റിഫ മെഹ്‌നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‌നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‌നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‌നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആത്മഹത്യാ പ്രേരണാകേസിൽ അറസ്റ്റിനെതിരെ മെഹ്നാസ്  നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മെഹ്നാസിനെ പോക്‌സോ കേസിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോഴിക്കോട് കാക്കൂർ പൊലീസ് മെഹ്‌നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തത്.

മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റിൽ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്‌നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ പരാതിപ്പെട്ടതോടെയാണ് ഖബർ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്‌മോർട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Related Articles

Back to top button