BREAKING NEWSKERALA

തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തില്‍ കേസെടുത്തുള്ള അന്വേഷണം വൈകും

തിരുവനന്തപുരം: നഗരസഭയിലെ കരാര്‍ നിയമനത്തിലെ വിവാദ കത്തില്‍ കേസെടുത്തുള്ള അന്വേഷണം വൈകും. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട്. അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി വെള്ളിയാഴ്ചയെ മടങ്ങിയെത്തുകയുള്ളൂ. ഇതിന് ശേഷമേ പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ.
കരാര്‍ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയര്‍ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മൊഴി. നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വിശദീകരിക്കുന്നു.
മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൌണ്‍സിലറുമായ ഡി ആര്‍ അനിലും മൊഴി നല്‍കിയിട്ടുണ്ട്. മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും അനില്‍ നല്‍കിയ മൊഴി. കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോര്‍ന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനിലിപ്പോള്‍ നിഷേധിക്കുകയാണ്.
അതേ സമയം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം തുടരുകയാണ്. മേയറുടെ ഓഫീസിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി വിജിലന്‍സ് ഇന്നലെ രേഖപ്പെടുത്തി. മാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്തിനെ കുറിച്ച് അറിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും, ആരോപണം നേരിട്ട കൗണ്‍സിലര്‍ ഡി.ആര്‍. അനിലും ക്രൈം ബ്രാഞ്ചിനും വിജിലന്‍സിനും മൊഴി നല്‍കിയിട്ടുള്ളത്.
അതേ സമയം, കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റാവശ്യപ്പെട്ട്
മേയറുടെ പേരില്‍ വന്ന കത്തിന്റെ ഒറിജിനല്‍ വിജിലന്‍സിനും ലഭിച്ചില്ല. മേയറുടെ കത്ത് തേടി വിജിലന്‍സും
അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മേയറുടെ കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Related Articles

Back to top button