BREAKING NEWSKERALA

ട്രെയിന്‍ തീവയ്പ്: എന്‍ഐഎക്ക് കൈമാറിയേക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ സാധ്യത കൂടുന്നു. സംഭവത്തില്‍ ഭീകരവാദസ്വഭാവം തള്ളാനാകില്ലെന്നും കേരളത്തിന് പുറത്തും അന്വേഷണം വേണമെന്നും എന്‍ഐഎ റിപ്പോര്‍ട്ട് പറയുന്നു. എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ട്രെയിന്‍ തീവയ്പില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്‍ഐഎ അന്വേഷണം വേണോയെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനിക്കും.
അതേസമയം, കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുടെ ആരോഗ്യനില പരിശോധിക്കാന്‍ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് അന്വേഷണസംഘം. പ്രതി അവശത പറയുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ സേവനം തേടിയത്. ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും തെളിവെടുപ്പ് തീരുമാനിക്കുക.
ഷാറുഖ് സെയ്ഫിയെ കേരളത്തിനകത്തും പുറത്തുമുള്ള ചില സംഘങ്ങള്‍ സഹായിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഫോണ്‍ കോള്‍ പരിശോധനയാണ് സംസ്ഥാനത്തെ ചിലരുടെ സഹായം ലഭിച്ചെന്ന സംശയത്തിലേക്കു പൊലീസിനെ എത്തിച്ചത്. താന്‍ ഒറ്റയ്ക്കാണു തീവയ്പ് നടത്തിയതെന്നാണ് പ്രതി ആവര്‍ത്തിച്ചു മൊഴി നല്‍കുകയാണ്.
സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും ഷാറുഖിന്റെ പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. അവര്‍ നല്‍കുന്ന വിവരങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തനാണു കേരളത്തിലെത്തിയ ഷാറുഖ് എന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. കുറ്റ സമ്മതത്തിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ടു പോകാത്ത ഷാറുഖില്‍നിന്നു വിവരങ്ങള്‍ ഒന്നും കിട്ടുന്നില്ലെന്നതു പൊലീസിനെ അലട്ടുന്നുണ്ട്.

Related Articles

Back to top button