KERALA

‘പ്രണയത്തിന്റെ തടവുകാരന്‍’, ഇന്ന് ഖലീൽ ജിബ്രാൻ ചരമദിനം

അബു ജുമൈല

‘ നിങ്ങള്‍ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നെന്നേയ്ക്കുമായി നിങ്ങളുടേത് ആയിരിക്കും അല്ലെങ്കില്‍ ഒരിക്കലും നിങ്ങളുടേതായിരുന്നില്ല.’വിശ്വ സാഹിത്യത്തില്‍ എക്കാലത്തേയ് ക്കുമുള്ള ഇരിപ്പിടം കരസ്ഥമാക്കിയ അപൂര്‍വ്വ പ്രതിഭയായ ഖലീല്‍ ജിബ്രാന്റെ വാക്കുകളാണ് ഇവ.

അറബ് സാഹിത്യത്തിലെ ഏറ്റവും പ്രതിഭാശാലികളായ വ്യക്തികളില്‍ ഒരാളായിരുന്നു ജിബ്രാന്‍ ഖലീല്‍ജിബ്രാന്‍. ദേവദാരുക്കള്‍ക്കും മുന്തിരിത്തോപ്പുകള്‍ക്കും പേരുകേട്ട ലബനോനിലെ ബുഷറ എന്ന മനോഹരമായ പട്ടണത്തിലെ ഒരു സാധാരണ ക്രിസ്തീയ കുടുംബത്തില്‍1883 ജനുവരി 6നാണ് ജിബ്രാന്‍ ജനിച്ചത്. ദാരിദ്ര്യം കൊണ്ട് വീര്‍പ്പുമുട്ടിയ സാഹചര്യത്തില്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ ജിബ്രാന് കഴിഞ്ഞില്ല. എങ്കിലും കുട്ടിയുടെ അഭിനിവേശം തിരിച്ചറിഞ്ഞ ഗ്രാമ പുരോഹിതന്‍ ദിവസവും വീട്ടിലെത്തി സുറിയാനിയും അറബിയും ബൈബിളും പഠിപ്പിച്ചു. പിതാവായ ഖലീല്‍ ജിബ്രാന്‍ സാദ് യുസഫ് ന്റെ മദ്യപാനവും ചൂതുകളിയും ഉത്തരവാദിത്വമില്ലായ്മയും മൂലം കുടുംബം വന്‍ കടക്കണിയില്‍ ആവുകയും സാദ് യൂസഫ് ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ജീവിതം ദുസ്സഹമായപ്പോള്‍ അമ്മ കാമില റഹ്മ കുട്ടികളുമായി1895 ല്‍ ബോസ്റ്റണിലേയ്ക്ക് കുടിയേറി. മിറിയാന, സുല്‍ത്താന എന്ന രണ്ട് സഹോദരിമാരെ കൂടാതെ പീറ്റര്‍ എന്നൊരു അര്‍ദ്ധ സഹോദരനും കൂടിയുണ്ടായിരുന്നു ജിബ്രാന്. അവിടെയും നരകതുല്യമായ ജീവിതമാണ് അവര്‍ക്ക് നയിക്കേണ്ടി വന്നത്. ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കാമിലയ്ക്ക് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് അമ്മയോട് അഗാധമായ ആത്മബന്ധം ഉണ്ടായിരുന്നു. ജിബ്രാന്റെ കൃതികളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും അത് വ്യക്തമാണ്.

ബോസ്റ്റണ്‍ പബ്ലിക് സ്‌കൂളിലും മദ്രസത്തുല്‍ ഹിക്മത്തിലുമായി വിദ്യാഭ്യാസം നേടി. ബോസ്റ്റണില്‍ താമസമായി അധികകാലം കഴിയുന്നതിനു മുന്‍പ് തന്നെ സുല്‍ത്താനയും പീറ്ററും മരണമടഞ്ഞു. ഇത് കാമിലയില്‍ വളരെയേറെ മാനസികാഘാതം ഏല്‍പ്പിക്കുകയും ക്ഷയരോഗ ബാധിതയായ കാമില മൂന്നുമാസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു. പിന്നീട് മരിയാന തുന്നല്‍പ്പണി ചെയ്താണ് കുടുംബം പോറ്റിയത്. ബാല്യകാലത്ത് ജീവിതമേല്‍പ്പിച്ച കഠിനമായ ആഘാതങ്ങള്‍ മൂലമാകാം ജിബ്രാന്റെ ആദ്യകാല കൃതികളില്‍ ഒക്കെയും ഒരു വിഷാദവും ക്ഷോഭവും നിരാശയും ഒക്കെ കലര്‍ന്നിരുന്നു.
സ്‌കൂളില്‍ വെച്ച് ജിബ്രാന്റെ സാഹിത്യ ചിത്രകലാ അഭിരുചികള്‍ തിരിച്ചറിഞ്ഞ അധ്യാപകര്‍ പതിമൂന്നാം വയസ്സില്‍ അദ്ദേഹത്തെ പ്രശസ്ത ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഫ്രഡ് ഹോളണ്ട് ഡേ യുടെ അടുത്തേയ്ക്ക് അയച്ചു. കുടിയേറ്റ കുടുംബങ്ങളെ സഹായിച്ചിരുന്ന ആളായിരുന്നു ഫ്രെഡ് ഹോളണ്ട് ഡേ. ജിബ്രാന്റെ പല ചിത്രങ്ങളിലും ഹോളണ്ട് ഡേ യുമായുള്ള അടുപ്പത്തിന്റെ സ്വാധീനം ഉണ്ട്.. 1904 ല്‍ ബോസ്റ്റനില്‍ ആദ്യ പെയിന്റിംഗ് പ്രദര്‍ശനം നടത്തി. അവിടെവെച്ച് ഹെഡ്മിസ്ട്രസ് ആയ മേരി ഹസ്‌കലിനെ പരിചയപ്പെട്ടു. മേരി ഹസ്‌കല്‍ ജിബ്രാനെ സാമ്പത്തികമായി വളരെയധികം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജിബ്രാനുമായി 10 വയസ്സിന് മൂത്ത മേരി ഹസ്‌കലുമായുള്ള ബന്ധത്തിന് ചരിത്രകാരന്മാര്‍ പ്രണയത്തിന്റെ ഛായ നല്‍കിയിരുന്നു.
ചെറുപ്പം മുതല്‍ ചിത്രകലയില്‍ അതിയായ താല്പര്യമുണ്ടായിരുന്ന ജിബ്രാന്‍ 1908 ല്‍ പാരീസിലെ ചിത്രകലാ അക്കാദമിയില്‍ ചേര്‍ന്ന് അഗസ്‌തേ റോഡിന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു. ജിബ്‌റാന്റെ വാസന തിരിച്ചറിഞ്ഞ റോഡിന്‍ അദ്ദേഹത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
1912ല്‍ ജിബ്രാന്‍ ന്യൂയോര്‍ക്ക് ലേയ്ക്ക് താമസം മാറി. അക്കാലത്ത് പ്രസിദ്ധരായ ധാരാളം സാഹിത്യകാരന്മാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മിഖായേല്‍ നു ഐമ, റഷീദ് അയ്യൂബ് തുടങ്ങിയ പ്രമുഖ മഹ്ജര്‍ സാഹിത്യകാരന്മാരുമായുള്ള സഹകരണം അദ്ദേഹത്തിന് വളരെയേറെ ഖ്യാതി നേടിക്കൊടുത്തു. ഈ സമ്പര്‍ക്കം അര്‍ റാബിതതുല്‍ ഖലമിയ എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ചു. മെഹജര്‍ കവിയായ അമീറുല്‍ റൈഹാനി സാഹിത്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അറബ് എഴുത്തുകാരുടെ ഭാഷാപരമായ അലങ്കാരപ്രയോഗങ്ങളെയും ശ്രവ്യ ഭംഗിക്ക് പ്രാധാന്യം കൊടുക്കുന്ന യാഥാര്‍ത്ഥ്യ പ്രവണതകളെയും ഒഴിവാക്കി കൊണ്ടുള്ള ശൈലിയായിരുന്നു മിഖായേല്‍ നു ഐമയുടേത്. ജിബ്രാനും ഈ ശൈലി പിന്തുടര്‍ന്നു. അറബ് സാഹിത്യത്തിന് ലോകമെങ്ങും പുതിയ ഭാവം നല്‍കുന്നതിന് മഹജര്‍ പ്രസ്ഥാനത്തോടൊപ്പം ജിബ്രാനും നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

48 വര്‍ഷത്തെ ജീവിതത്തിനുള്ളില്‍ പ്രാദേശിക പരിമിതികള്‍ കടന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരനായി അദ്ദേഹം വളര്‍ന്നു. പക്വവും സന്തുലിതവുമായ ജീവിത അവബോധവും വ്യത്യസ്തമായ കാവ്യദര്‍ശനവും സൗന്ദര്യ സങ്കല്‍പവും ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. അറബി, ഇംഗ്ലീഷ്, ലെബനീസ് ഭാഷകളില്‍ നിരവധി കൃതികള്‍ ആ തൂലികത്തുമ്പിലൂടെ പിറന്നു വീണു. നാസ്തികനായ ഖലീല്‍, ഭ്രാന്തന്‍, മണലും നുരയും, ഒടിഞ്ഞ ചിറകുകള്‍, പ്രവാചകന്‍, മനുഷ്യപുത്രനായ യേശു തുടങ്ങിയ 30ലേറെ കൃതികള്‍. അതില്‍ മാസ്റ്റര്‍പീസ് എന്ന് പറയാവുന്ന പ്രവാചകന്‍ നൂറിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1923 ല്‍ പ്രസിദ്ധീകരിച്ച പ്രവാചകന്റെ നൂറാമത് വാര്‍ഷികം ഇപ്പോള്‍ ലോകമെങ്ങും കൊണ്ടാടുന്നു.. ‘തന്റെ ഏറ്റവും പാകമായ ഫലം’ എന്നാണ് പ്രവാചകന്‍ എന്ന കൃതിയെക്കുറിച്ച് ജിബ്രാന്‍ സ്വയം വിലയിരുത്തുന്നത്. ഓര്‍ഫലീസിലെ ജനങ്ങളുടെ സംവാദത്തിലൂടെ തന്റെ തന്നെ ജീവിത വീക്ഷണമാണ് ജിബ്രാന്‍ അനാവരണം ചെയ്യുന്നത്.
.
ആത്മകഥാസ്പര്‍ശം ഉള്ള രചനയായിരുന്നു ‘നാസ്തികനായ ഖലീല്‍’. ‘മനുഷ്യപുത്രനായ യേശു’ ജിബ്രാന്റെ ജീവിത ദര്‍ശനങ്ങളെ വ്യക്തമായി ഉള്‍ക്കൊള്ളുന്നതായിരുന്നു. ‘ ഒടിഞ്ഞ ചിറകുള്ള ഒരു പക്ഷിയായിരുന്നില്ല യേശു, എല്ലാ വക്രത കളുടെയും ചിറകുകള്‍ മുറിച്ചു കളഞ്ഞ പ്രക്ഷുബ്ദ്ധമായ ഒരു കൊടുങ്കാറ്റായിരുന്നു അവന്‍’ എന്ന് യേശുവിനെ ജീബ്രാന്‍ പരിഭാഷപ്പെടുത്തി. ‘ ദുഃഖിതരോടും ദുര്‍ബലരോടുമുള്ള ആശ്വാസപ്രദമായ ഒരു വാക്ക് മണിക്കൂറുകളോളം ഉരുവിടുന്ന പ്രാര്‍ത്ഥനകളെക്കാള്‍ മഹത്തരമാണ്’ എന്ന് അദ്ദേഹം വിശ്വസിച്ചു. ജിബ്രാന്റെ അത്യാപൂര്‍വ്വമായ ഭാവനാ സാമ്രാജ്യവും അദ്ദേഹം ഉയര്‍ത്തിയ ആശയങ്ങളും കാല ദേശങ്ങളുടെ പരിമിതിയെ ലംഘിക്കുന്നവയാണ്.
‘ മുള്‍ക്കിരീടം ഉണ്ടാക്കുന്ന കൈകള്‍ പോലും നിഷ്‌ക്രിയമായ കൈകളെക്കാള്‍ മഹത്തരം ആണ്’എന്ന്,
‘ അമ്മയുടെ അഭിലാഷമാണ് സമൂഹത്തിന്റെ ബീജഹേതു’ എന്ന്
‘ ദൃശ്യവല്‍ക്കരിക്കപ്പെട്ട സ്‌നേഹമാണ് തൊഴില്‍’ എന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു.
‘ പ്രണയത്തിന്റെ തടവുകാരനാണ് താന്‍ ‘എന്ന് ജിബ്രാന്‍ സ്വയം അടയാളപ്പെടുത്തി. എഴുത്തിനോടായിരുന്നു അദ്ദേഹത്തിന്റെ അഗാധമായ പ്രണയം. സിറിയന്‍ ദേശീയതയുടെ വക്താവായിരുന്നു ജിബ്രാന്‍. അറബിയെ സിറിയന്‍ ദേശീയ ഭാഷയായി പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്തു. ഒന്നാം ലോകമഹായുദ്ധ ശേഷം സിറിയ സ്വതന്ത്രമായപ്പോള്‍ ‘ഫ്രീ സിറിയ ‘എന്ന ചിത്രം വരച്ച് ആഹ്ലാദം പങ്കുവെച്ചു. സിറിയയിലെ ക്ഷാമകാലത്ത് മരണപ്പെട്ട ജനത്തെ ഓര്‍ത്ത് മറുനാട്ടില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞിരുന്ന അദ്ദേഹം,
‘പക്ഷിക്കൂട്ടം ഉപേക്ഷിച്ചു പോയ ചിറകൊടിഞ്ഞ പക്ഷികളാണ് എന്റെ ജനങ്ങള്‍’
‘എന്റെ രാജ്യത്തെ മണ്ണില്‍ ഞാനൊരു ചോളക്കതിരായി വളര്‍ന്നിരുന്നുവെങ്കില്‍
വിശക്കുന്ന കുട്ടികള്‍ എന്നെ പറിച്ചെടുക്കുകയും എന്റെ വിത്തുകള്‍ കൊണ്ട് മരണത്തിന്റെ കരങ്ങളില്‍ നിന്നും അവരുടെ ആത്മാവുകളെ മോചിപ്പിക്കുകയും ചെയ്യുമായിരുന്നു.’
‘എന്റെ രാജ്യത്തെ ആകാശത്ത് പറക്കുന്ന പക്ഷിയായിരുന്നു ഞാന്‍ എങ്കില്‍, എന്റെ വിശക്കുന്ന സഹോദരന്‍ എന്നെ വേട്ടയാടി പിടിക്കുകയും എന്റെ ശരീരത്തിലെ മാംസം കൊണ്ട് അവന്റെ ശരീരത്തില്‍ നിന്നും കുഴിമാടത്തിന്റെ നിഴലിനെ അകറ്റുകയും ചെയ്യുമായിരുന്നു.’ എന്ന് വിലപിച്ചു.

ജീവിതത്തിന്റെ ഭൂരിഭാഗവും അമേരിക്കയില്‍ കഴിഞ്ഞ ജിബ്രാന്‍ ജന്മഭൂമിയായ ലെബനോനോടുള്ള അഗാധ പ്രണയത്താല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചില്ല. ലിവര്‍ സിറോസിസം ക്ഷയ രോഗവും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ജീവിതവും മരണവും ഒന്നുതന്നെയാണ് എന്ന് വിളമ്പരം ചെയ്ത ആ മഹാപ്രതിഭ 1931 ഏപ്രില്‍ പത്തിന് ന്യൂയോര്‍ക്കിലെ സെയിന്റ് വില്‍സന്റ് കാത്തലിക് മെഡിക്കല്‍ സെന്ററില്‍ വെച്ച്, അദ്ദേഹത്തിന്റെ ഭാഷയില്‍ ആഗ്രഹങ്ങള്‍ക്ക് അതീതമായ നിശബ്ദ ജ്ഞാനത്തില്‍ ലയിച്ചു ചേര്‍ന്നു. ലബനോനില്‍ തന്നെ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പരിഗണിച്ച് പ്രിയ സുഹൃത്ത് മേരി ഹസ്‌കല്‍ മാന്‍സെസ്റ്റര്‍ മോണാസ്ട്രിയില്‍ സ്ഥലം വാങ്ങി 1932ല്‍ അദ്ദേഹത്തിന്റെ ഭൗതിക അവശിഷ്ടം അടക്കം ചെയ്തു. അത് ഇപ്പോള്‍ മ്യൂസിയം ആണ്. ന്യൂയോര്‍ക്കിലെ ഖലീല്‍ ജിബ്രാന്‍ ഇന്റര്‍നാഷണല്‍ അക്കാഡമി, ബെയ്‌റൂട്ട് ലെ ജിബ്രാന്‍ ഗാര്‍ഡന്‍, കാനഡയിലെ ജിബ്രാന്‍സ് ട്രീറ്റ്, റൊമാനിയയിലെ ഖലീല്‍ ജിബ്രാന്‍ പാര്‍ക്ക് തുടങ്ങി അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ലോകമെമ്പാടും ധാരാളം സ്മാരകങ്ങള്‍ നിലനില്‍ക്കുന്നു.
‘അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘ശ്വാസം നിലയ്ക്കുക എന്നാല്‍ ഉയരുവാനും വികസിക്കുവാനും ദൈവത്തെ സ്വതന്ത്രമായി അന്വേഷിക്കുവാനുമായി ശ്വാസത്തെ അതിന്റെ വിശ്രമമില്ലാത്ത വേലിയേറ്റങ്ങളില്‍ നിന്നും സ്വതന്ത്രമാക്കലല്ലാതെ മറ്റെന്താണ്?’

അദ്ദേഹത്തിന്റെ ആശയങ്ങളും പ്രത്യാശകളും പ്രതീക്ഷകളും ഹൃദയഹാരിയായ കല്പനകളും കാലദേശങ്ങള്‍ക്കപ്പുറം അലയടിച്ചു കൊണ്ടേയിരിക്കുന്നു.

അബൂജുമൈല

Related Articles

Back to top button