BREAKING NEWSNATIONAL

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ സ്വമേധയാ കേസെടുക്കണം; സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രീം കോടതി. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.
വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതികള്‍ ആവശ്യമില്ല. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരേ മതം നോക്കാതെ നടപടി എടുക്കണം. വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. നടപടി എടുക്കാത്തത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കുകയാണ് ഇപ്പോള്‍ സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

Related Articles

Back to top button