BREAKING NEWSNATIONAL

യുകെയിലെ ആദ്യ ജഗന്നാഥക്ഷേത്രം നിര്‍മിക്കാന്‍ 250 കോടി രൂപ സംഭാവന നല്‍കി ഇന്ത്യന്‍ വ്യവസായി

യുകെയിലെ ആദ്യ ജഗന്നാഥക്ഷേത്രം നിര്‍മിക്കാന്‍ 250 കോടി രൂപ സംഭാവന നല്‍കി ഒഡീഷ സ്വദേശിയും യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയും ശതകോടീശ്വരനുമായ ബിശ്വനാഥ് പട്നായിക്. ഇന്ത്യക്ക് പുറത്ത് ക്ഷേത്രം പണിയാന്‍ ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്. ഫിന്‍നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കമ്പനിയുടെ ചെയര്‍മാനും സ്ഥാപകനുമാണ് പട്‌നായിക്. ഞായറാഴ്ച അക്ഷയ തൃതീയ ദിനത്തില്‍ നടന്ന യുകെയുടെ ആദ്യ ജഗന്നാഥ കണ്‍വെന്‍ഷനില്‍ വെച്ചാണ് ക്ഷേത്രനിര്‍മാണത്തിനായി ഈ തുക നല്‍കുമെന്ന് അദ്ദേഹം അറിയിച്ചത്.
സംരംഭകന്‍, നിയമോപദേശകന്‍, മനുഷ്യസ്നേഹി എന്നീ നിലകളിലും ബിശ്വനാഥ് പട്നായിക് പ്രശസ്തനാണ്. യുകെയില്‍ ജഗന്നാഥ ക്ഷേത്രം നിര്‍മിക്കുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ താനും ഭാഗമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍നെസ്റ്റിന്റെ എംഡി അരുണ്‍ കാറും ക്ഷേത്രനിര്‍മാണത്തിനായി സംഭാവന നല്‍കിയിട്ടുണ്ട്. യുകെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ബിശ്വനാഥ് പട്നായിക് സംഭാവന നല്‍കിയ 250 കോടി രൂപയില്‍, 70 കോടി രൂപ ക്ഷേത്രനിര്‍മാണത്തിനുള്ള 15 ഏക്കര്‍ സ്ഥലം വാങ്ങാന്‍ നീക്കിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2024 അവസാനത്തോടെ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരാണ് ബിശ്വനാഥ് പട്നായിക് – ഒരു സംരംഭകനാകുന്നതിന് മുന്‍പ് ബാങ്കിങ്ങ് മേഖലയില്‍ ആയിരുന്നു ബിശ്വനാഥ് പട്നായിക് ജോലി ചെയ്തിരുന്നത്. ബിഎന്‍പി വെഞ്ച്വര്‍ ക്യാപിറ്റല്‍ ലിമിറ്റഡില്‍ ആറ് വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തു. ഉത്കല്‍ സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎയും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് പട്‌നായിക് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റും ഫിനാന്‍സും പഠിക്കുന്നുണ്ട്.
ഇന്ത്യയില്‍ നടത്തിയ നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു പുറമേ യുനെസ്‌കോ വഴിയും അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നിരാലംബരായ 500 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം സംഭാവനകള്‍ നല്‍കിയിരുന്നു.

Related Articles

Back to top button