GADGETSLATESTNATIONALTECH

ലാപ്‌ടോപ്പ്, കംപ്യൂട്ടർ, ടാബ്‌ ഇറക്കുമതി; നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം

ലാപ്‌ടോപ്പുകള്‍, എച്ച്എസ്എന്‍ 8471 ന് കീഴിലുള്ള കംപ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി ഡയറക്ടറേറ്റ് ഓഫ് ഫോറിന്‍ ഡ്രേഡ് (ഡിജിഎഫ്ടി). നിയന്ത്രണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ വ്യാഴാഴ്ച നോട്ടീസ് ഇറക്കിയത്. പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നിയന്ത്രിത ഇറക്കുമതിക്കുള്ള ലൈസന്‍സില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കുകയുള്ളൂ എന്ന് നോട്ടീസില്‍ പറയുന്നു. ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ 1970 കോടിയുടെ ഇലക്ട്രോണിക്‌സ് ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. വര്‍ഷം തോറും വര്‍ധനവുണ്ടാവുന്നുണ്ട്.

അതേസമയം, ബാഗേജ് റൂളിന് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണമില്ല. അതായത് ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍, അള്‍ട്ര സ്മാള്‍ ഫോം ഫാക്ടര്‍ കംപ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ളവ ഒരെണ്ണം മാത്രമായി വിദേശത്തുനിന്ന് വാങ്ങിയും ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തും ഇന്ത്യയിലെത്തിക്കുന്നതിന് വിലക്കുണ്ടാവില്ല. ഇത്തരം ഇറക്കുമതികള്‍ക്ക് മതിയായ നികുതി ബാധികമാണ്.

അതുപോലെ ഗവേഷണ/വികസന പ്രവര്‍ത്തനങ്ങള്‍ക്കും സർവീസിനും ടെസ്റ്റിങിനുമായി മുകളില്‍ പറഞ്ഞ ഉല്‍പന്നങ്ങള്‍ പരമാവധി 20 എണ്ണം വരെ ഇറക്കുമതി ചെയ്യാനും അനുമതി നല്‍കും. ഡെല്‍, ഏസര്‍, സാംസങ്, എല്‍ജി, പാനസോണിക്, ആപ്പിള്‍, ലെനോവോ, എച്ച്പി തുടങ്ങിയവയാണ് ഇന്ത്യയില്‍ ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും വില്‍ക്കുന്ന പ്രധാനപ്പെട്ട ബ്രാന്‍ഡുകള്‍. അതില്‍ ഏറിയ പങ്കും ചൈനയില്‍നിന്നും മറ്റും ഇറക്കുമതി ചെയ്യുകയാണ്. സമീപകാലത്തായി നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

Related Articles

Back to top button