KERALALATESTTOP STORY

നടുറോഡില്‍ യുവതിയേയും കുടുംബത്തേയും മർദ്ദിച്ചു; നടക്കാവ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കാർ യാത്രക്കാരിയായ യുവതിയെ മർദ്ദിച്ച നടക്കാവ് എസ്ഐക്കെതിരെ നടപടി. എസ്ഐ വിനോദിനെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാര്‍ യാത്രക്കാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐ വിനോദ് ഉള്‍പ്പെടെ കണ്ടാല്‍ അറിയുന്ന നാലുപേര്‍ക്ക് എതിരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുള്ള സംഘത്തെ ഒരു പ്രകോപനവുമില്ലാതെ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. അത്തോളി സ്വദേശി അഫ്ന അബ്ദുൾ നാഫിക്കിന് മ‌ർദ്ദനത്തിൽ പരിക്കേറ്റു. അഫ്‌ന ചികിത്സയിലാണ്.

ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐ വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്‌ഐയുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.

സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പൊലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്‌ഐ വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.

ബൈക്കില്‍ മറ്റൊരാള്‍ക്കൊപ്പം മദ്യലഹരിയിലാണ് എസ്‌ഐ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാള്‍, ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. എസ്‌ഐക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്നും മര്‍ദിച്ചെന്നും യുവതി ആരോപിക്കുന്നു.

എസ്‌ഐയുടെ മര്‍ദനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും 11 വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കുടുംബം വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായതെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

Related Articles

Back to top button