BREAKING NEWSKERALALATEST

തട്ടിപ്പ് മനസിലായപ്പോള്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല; അഖില്‍ സജീവിനെ തള്ളി സിപിഐഎം

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തില്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞ അഖില്‍ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോള്‍ പാര്‍ട്ടി അഖില്‍ സജീവിന്റെ അംഗത്വം പുതുക്കിയില്ല. അഖില്‍ ഒളിവില്ലെന്നും കോന്നി ഏരിയ കമ്മിറ്റി അംഗം ആര്‍ മോഹനന്‍ നായര്‍ പറഞ്ഞു. ഒരു തരത്തിലുള്ള പാര്‍ട്ടി സംരക്ഷണവും അഖില്‍ സജീവിന് ലഭിക്കില്ല
സജീവമായ പാര്‍ട്ടി പ്രവര്‍ത്തകനല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ അഖില്‍ സജീവിനെ നീക്കിയിരുന്നു. ഒരു ഘട്ടത്തിലും അദ്ദേഹത്തെ സംരക്ഷിക്കില്ലെന്നും ആര്‍ മോഹനന്‍ നായര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ യുടെ മേഖല പ്രസിഡന്റായിരുന്നു അതില്‍ നിന്നും രണ്ട് വര്‍ഷം മുന്നേ നീക്കിയിരുന്നുവെന്നും മോഹനന്‍ നായര്‍ പറഞ്ഞു.
എന്നാല്‍ അഖില്‍ സജീവിനെതിരെ മുമ്പും പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്ത് ഒരു വര്‍ഷമായിട്ടും അഖില്‍ സജീവിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖില്‍ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം ആണ് പരാതി നല്‍കിയത്. പത്തനംതിട്ട പൊലീസ് 2022 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതുവരെ ഈ കേസില്‍ ഇയാളെ പിടികൂടാനായിട്ടില്ല. വള്ളിക്കോട്ടെ അഖില്‍ സജീവിന്റെ വീട് അടച്ചിട്ട നിലയിലാണുള്ളത്. ധാരാളം ആളുകള്‍ അഖിലിനെ അന്വേഷിച്ച് വരാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. വ്യാജ സീലും വ്യാജ ഒപ്പും ഉപയോ?ഗിച്ച് ബാങ്കിന്റെ വ്യാജ വൗച്ചര്‍ വരെ നിര്‍മ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. അന്ന് സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നു ഇയാള്‍.

Related Articles

Back to top button