BREAKING NEWSBUSINESS

വില്‍പന കുറഞ്ഞു; 14,000 പേരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

14,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫിന്നിഷ് ടെലികോം ഗ്രൂപ്പായ നോക്കിയ. വടക്കേ അമേരിക്ക പോലുള്ള വിപണികളില്‍ 5ജി ഉപകരണങ്ങളുടെ വില്‍പന കുറഞ്ഞതിനു പിന്നാലെ, മൂന്നാം പാദത്തില്‍ കമ്പനിയുടെ വില്‍പന 20 ശതമാനം കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ തീരുമാനം. ”പുതിയ തീരുമാനത്തെത്തുടര്‍ന്ന് 2024-ല്‍ കുറഞ്ഞത് 400 ദശലക്ഷം യൂറോയും 2025-ല്‍ 300 ദശലക്ഷം യൂറോയും ലാഭം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി,” കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
”ഞങ്ങളുടെ ജീവനക്കാരെ ബാധിക്കുന്ന ഇത്തരം ബിസിനസ് തീരുമാനങ്ങളെടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങള്‍ക്ക് വളരെയധികം കഴിവുള്ള ജീവനക്കാരുണ്ട്. ഈ പിരിച്ചുവിടല്‍ ബാധിക്കുന്ന എല്ലാ ജീവനക്കാരെയും ഞങ്ങള്‍ കഴിയുന്ന വിധം പിന്തുണയ്ക്കും. വിപണിയിലെ അനിശ്ചിതത്വവുമായി പൊരുത്തപ്പെടേണ്ടതും ദീര്‍ഘകാലത്തേക്ക് ഞങ്ങളുടെ ലാഭക്ഷമതയും മത്സരക്ഷമതയും സുരക്ഷിതമാക്കേണ്ടതും ചെലവ് നിയന്ത്രിക്കേണ്ടതും അനിവാര്യമായ കാര്യങ്ങളാണ്. കമ്പനിക്ക് മുന്നിലുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്”, നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലന്‍ഡ്മാര്‍ക്ക് പറഞ്ഞു.
നോക്കിയയുടെ മൊത്തം ??വില്‍പന (net sale) കഴിഞ്ഞ വര്‍ഷത്തെ 6.24 ബില്യണ്‍ യൂറോയില്‍ നിന്ന് ഈ വര്‍ഷം 4.98 ബില്യണ്‍ യൂറോയായി കുറഞ്ഞിരുന്നു. ”വിപണിയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഞങ്ങള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യതതയും പ്രാധാന്യവും കമ്പനി മനസിലാക്കുന്നു. വിപണിയില്‍ എന്നു തിരിച്ചു വരുമെന്ന കാര്യം അനിശ്ചിതത്വത്തിലാണെങ്കിലും, ഞങ്ങള്‍ക്ക് അതിനായി ഒന്നും ചെയ്യാതിരിക്കാനാകില്ല. സ്ട്രാറ്റജി, ഓപ്പേറഷണല്‍, കോസ്റ്റ് എന്നീ മൂന്ന് മേഖലകളില്‍ ഞങ്ങള്‍ നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കുകയാണ്” ലന്‍ഡ്മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button