BREAKING NEWSNATIONAL

കര്‍ണടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നു; എന്ത് ധരിക്കണമെന്ന തീരുമാനം അവരവരുടേത് മാത്രമെന്ന് മുഖ്യമന്ത്രി

ബംഗളുരു: കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്ന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിന്‍വലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പ്രതിപാദിച്ചത്. ഹിജാബിന് നിരോധനമില്ല. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എന്ത് ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. അതിന് ഞാനെന്തിന് നിങ്ങളെ തടയണം? സിദ്ധരാമയ്യ ചോദിച്ചു.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് കഴിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ ധരിക്കൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ കഴിക്കും, നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ കഴിക്കൂ. ഞാന്‍ മുണ്ടുടുക്കും, നിങ്ങള്‍ ഷര്‍ട്ടും പാന്റ്‌സും ധരിക്കൂ. അതില്‍ എന്താണ് തെറ്റ്?’ – സിദ്ധരാമയ്യ ചോദിച്ചു.
കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാറാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. ഇതിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിരോധനം ശരിവെയ്ക്കുന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡ്രസ് കോഡ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.

Related Articles

Back to top button