BREAKING NEWSKERALA

പോക്‌സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരാകുന്നു: ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോടതിയിലെത്തുന്ന പോക്‌സോ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരാകുന്നുവെന്ന് ഇന്റലിജന്‍സ്. ഗുരുതരമായ ഈ കണ്ടെത്തല്‍ ഡിജിപി വിളിച്ച എഡിജിപി തല യോഗം വിശദമായി ചര്‍ച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
നെയ്യാറ്റിന്‍കര പോക്‌സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒത്തു തീര്‍പ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ഇരയുടെ പരാതിയില്‍ നിന്നാണ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. ഓരോ ജില്ലയിലും പോക്‌സോ കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ എണ്ണം കൂടുകയാണെന്നാണ് ഗൗരവമേറിയ കണ്ടെത്തല്‍. പല കേസിലും അട്ടിമറി വരെ നടക്കുന്നുവെന്നും കണ്ടെത്തലുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുവെന്നാണ് കണ്ടെത്തല്‍. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തള്ളുന്നതും പ്രതികള്‍ രക്ഷപ്പെടുന്നതും. ഗുരുതരമായ ഈ കണ്ടെത്തല്‍ എഡിജിപിതല യോഗം വിശദമായി ചര്‍ച്ച ചെയ്തു. പോക്‌സോ കേസില്‍ ഒത്തുതീര്‍പ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് യോഗം വിലയിരുത്തിയത്. ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായ പരിശോധനിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.
ഡിഐജിമാര്‍ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാന്‍ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോട് പോക്‌സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയില്‍ നിന്നും ശേഖരിച്ച നല്‍കാന്‍ ഇതേ തുടര്‍ന്ന് ക്രമസമാധാനചുമലയുള്ള എഡിജിപി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒത്തു തീര്‍പ്പ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നവെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേസുകള്‍ വിശകലനം ചെയ്യാനും തീരുമാനിച്ചു.

Related Articles

Back to top button