BREAKING NEWSKERALA

ജോസഫിന് മരണക്കുറിപ്പ് എഴുതി നല്‍കിയത് മാധ്യമപ്രവര്‍ത്തകന്‍, പരിശോധിക്കണം: ചക്കിട്ടപാറ പഞ്ചായത്ത്

കോഴിക്കോട്: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചക്കിട്ടപാറ പഞ്ചായത്തിന് ഉത്തരവാദിത്തമില്ലെന്ന് ഭരണ സമിതി. ജോസഫിനു സാധ്യമായ എല്ലാ സഹായവും നല്‍കിയതായി ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എതിര്‍ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് എന്‍.നഗരേഷാണ് സ്വമേധയാ കേസെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി.കെ.ശശി, ബിന്ദു വത്സന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
”ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെയാണ് ആത്മഹത്യ എന്നാണ് ഉയര്‍ന്ന പാരാതി. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നു പറഞ്ഞ് ജോസഫ് നവംബര്‍ 9ന് പഞ്ചായത്തിനു കത്തു നല്‍കി. നവംബര്‍ 10ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് വീട് സന്ദര്‍ശിച്ചു. തൊഴിലുറപ്പ് ജോലി മറ്റു പറമ്പുകളില്‍ പോയി ചെയ്യാന്‍ സാധിക്കില്ലെന്നും സ്വന്തം വീട്ടില്‍ ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്വന്തം പറമ്പില്‍ ജോലി ചെയ്യാന്‍ സംവിധാനം ഒരുക്കി. കഴിഞ്ഞ വര്‍ഷം 98 പണി എടുത്തു.
ഡിസംബര്‍ അവസാനം പെന്‍ഷന്‍ കിട്ടി. മകളുടെ പെന്‍ഷനും ജോസഫാണ് കൈപ്പറ്റിയത്. എന്നാല്‍ 13 മാസമായി മകള്‍ കൂടെയില്ല. മകള്‍ അഭയമന്ദിരത്തിലാണ്. രണ്ടു പേരുടേതുമായി 24,400 രൂപ കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ കൈപ്പറ്റി.
ജോസഫ് 1984ല്‍ കൊട്ടിയൂരില്‍നിന്ന് കുടിയേറി വന്നതാണ്. ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി. അരയേക്കറിന് നായനാര്‍ സര്‍ക്കാര്‍ പട്ടയം നല്‍കി. ഇതിനു മുന്‍പും ആത്മഹത്യാ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സ്ഥലത്തിനു രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടിലേക്കു വാഹനം പോകില്ലെന്നായിരുന്നു മറ്റൊരു പരാതി. അദ്ദേഹത്തിനു മാത്രമായി 5 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിര്‍മിച്ചു നല്‍കി. അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ വീടു വയ്ക്കാന്‍ നല്‍കി. 54,000 രൂപ പെന്‍ഷനായും തൊഴിലുറപ്പ് കൂലിയായും കഴിഞ്ഞ വര്‍ഷം കൈപ്പറ്റി.
ജോസഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ദേഹം മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി നോക്കിയില്ല. സിപിഎം അംഗങ്ങളാണ് ആദ്യം എത്തിയത്. 2010ലാണ് പെന്‍ഷന്‍ അനുവദിച്ചു തുടങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കിട്ടാനുണ്ടായിരുന്നു. പിണറായി സര്‍ക്കാരാണ് ആ പെന്‍ഷന്‍ കൊടുത്തു തീര്‍ത്തത്.
ജോസഫിന് മരണക്കുറിപ്പ് എഴുതി നല്‍കിയത് മാധ്യമപ്രവര്‍ത്തകനാണ്. രണ്ടു കൈകള്‍ക്കും ശേഷിയില്ലാത്ത ജോസഫിന് എഴുതാന്‍ സാധിക്കില്ല. കത്ത് എഴുതിയത് ആരാണെന്ന് പരിശോധിക്കണം. ആരാണു മരണത്തിന് പ്രേരിപ്പിച്ചതെന്ന് അന്വേഷിക്കും. പഞ്ചായത്ത് ഭരണസമിതി ചേര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും” ഭരണ സമിതി അംഗങ്ങള്‍ അറിയിച്ചു.

Related Articles

Back to top button