BREAKING NEWSKERALA

കൊമ്പന് മയക്കുവെടി; മാനന്തവാടിയില്‍ ഭീതി പരത്തിയ ആനയെ മയക്കുവെടിവച്ചു

മാനന്തവാടി: വയനാടിനെ വിറപ്പിച്ച മാനന്തവാടിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ ആദ്യ ഡോസ് മയക്കുവെടിവെച്ചു. വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള തണ്ണീര്‍ എന്നു പേരുള്ള കൊമ്പന്റെ പിന്‍ഭാഗത്ത് ഇടതുവശത്തായാണ് വെടിയേറ്റത്. ആന ഇപ്പോഴും വാഴത്തോടത്തില്‍ തുടരുകയാണ്. വാഹനത്തില്‍ കയറ്റാന്‍ വാഴത്തോട്ടത്തില്‍നിന്ന് പുറത്തേക്ക് നൂറു മീറ്റര്‍ ദൂരം നടത്തേണ്ടിവരും. ആനയെ വാഴത്തോട്ടത്തില്‍നിന്ന് പുറത്തേയ്ക്ക് എത്തിക്കാന്‍ ശ്രമം നടത്തിവരികയാണ്.
രണ്ടാം തവണവെച്ച മയക്കുവെടിയാണ് കാട്ടാനയ്ക്ക് ഏറ്റത്. വെടിയേറ്റ കൊമ്പന്‍ ശാന്തനാണ്. ആനയെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 15-ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്. ഇടതു കാലിന് മുകളിലായാണ് ആനയ്ക്ക് വെടിയേറ്റത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തില്ല.
രാവിലെയാണ് പായോട്കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി.
കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.
ആനയെ ജനുവരി 16-നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളില്‍ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം.

Related Articles

Back to top button