BREAKING NEWSWORLD

കുട്ടികള്‍ യാചിക്കുന്നത് കണ്ടാല്‍ വിവരം നല്‍കണം, 1000 രൂപ പ്രതിഫലം, സുപ്രധാന തീരുമാനവുമായി ഇന്‍ഡോര്‍

അടുത്തിടെയാണ് ഇന്‍ഡോറില്‍ നിന്നും ഭിക്ഷ യാചിച്ച് രണ്ട് ലക്ഷത്തിലധികം രൂപ ശേഖരിച്ച ഒരു സ്ത്രീയെ പൊലീസ് പിടികൂടിയ വാര്‍ത്ത പുറത്ത് വന്നത്. ഒപ്പം അവര്‍ക്കൊപ്പം ഭിക്ഷ യാചിച്ചിരുന്ന കുട്ടിയേയും പൊലീസ് അഭയകേന്ദ്രത്തിലാക്കിയിരുന്നു. എന്നാല്‍, എങ്ങനേയും ഇവിടെ നിന്നും ഭിക്ഷാടനം തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഇപ്പോള്‍ അധികൃതര്‍.
കുട്ടികളാരെങ്കിലും ഭിക്ഷ യാചിക്കുന്നത് കണ്ടാല്‍ ഉടനടി വിവരമറിയിക്കണം എന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, ഇങ്ങനെ വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലമായി 1000 രൂപ നല്‍കും എന്നും അധികൃതര്‍ അറിയിക്കുന്നു. ”ഞങ്ങള്‍ ഇതിനായി ഒരു ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. ഭിക്ഷ യാചിക്കുന്ന തരത്തില്‍ ഏതെങ്കിലും കുട്ടികളെ കണ്ടാല്‍, അവരെ കുറിച്ചുള്ള വിവരങ്ങളുമായി ആര്‍ക്കും ഞങ്ങളെ വിളിക്കാം. ലൊക്കേഷന്‍ വാട്ട്സ്ആപ്പില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. അതുവഴി, അഡ്മിനിസ്‌ട്രേഷന്‍ ടീമിന് കുട്ടിയെ രക്ഷിക്കാന്‍ കഴിയും’ എന്നാണ് കളക്ടര്‍ ആശീഷ് സിംഗ് പറഞ്ഞത്.
കാഷ് റിവാര്‍ഡിനൊപ്പം പ്രത്യേകം സര്‍ട്ടിഫിക്കറ്റുകളും ഇങ്ങനെ വിവരം നല്‍കുന്നവര്‍ക്ക് ലഭിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. 9691729017 എന്ന വാട്ട്‌സാപ്പ് നമ്പറിലാണത്രെ വിവരം അറിയിക്കുന്നതിന് വേണ്ടി വിളിക്കേണ്ടത്.
ഫെബ്രുവരി 12 -നാണ് രാജസ്ഥാന്‍ സ്വദേശിനിയായ 40 വയസുകാരി ഇന്ദ്രാ ബായിയെ മക്കളുമായി ഭിക്ഷാടനത്തിനിറങ്ങിയതിന് പൊലീസ് പിടികൂടിയത്. ഇന്‍ഡോര്‍-ഉജ്ജയിന്‍ റോഡിലെ ലവ്-കുഷ് ഇന്റര്‍ സെക്ഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 45 ദിവസം കൊണ്ട് ഇവര്‍ 2.5 ലക്ഷം രൂപ സമ്പാദിച്ചു എന്ന് പൊലീസ് പറയുന്നു. അഞ്ച് മക്കളാണ് യുവതിക്കുണ്ടായിരുന്നത്. ഇതില്‍, എട്ട് വയസ്സുള്ള മകളെയും രണ്ട് ആണ്‍മക്കളെയും കൊണ്ടാണ് ഇന്‍ഡോറിലെ തെരുവില്‍ ഇവര്‍ ഭിക്ഷ യാചിക്കാന്‍ എത്തിയിരുന്നത്. മക്കളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് ഇവര്‍ വലിയ സമ്പാദ്യമുണ്ടാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

Related Articles

Back to top button