BREAKING NEWSKERALALATEST

ഭരണഘടനയില്‍ കൈവയ്ക്കാന്‍ അനുവദിക്കരുത് – മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശ്ശൂര്‍: ലോകത്തെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും അത് കനത്ത വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിതെന്നും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഭരണഘടനയില്‍ കൈവയ്ക്കാന്‍ അനുവദിക്കരുത്. ഭരണഘടന മുറുകെപ്പിടിച്ച് ശബ്ദമുയര്‍ത്താനുള്ള സന്ദര്‍ഭമാണിത്. ഇനിയും പ്രതികരിക്കാന്‍ വൈകിക്കൂടാ, തൃശ്ശൂരില്‍നിന്ന് ഉയരുന്ന ഈ ശബ്ദം കേരളത്തിലും രാജ്യത്തെല്ലായിടത്തും പടരട്ടെ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിരൂപത നടത്തിയ സമുദായ ജാഗ്രതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളെയും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കും നേരെ നിരന്തരം നടക്കുന്ന ആക്രമണങ്ങളെയും സമ്മേളനം അപലപിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ നിലപാടില്‍ അമര്‍ഷമുണ്ടെന്നും യോഗം പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.
മലയോര മേഖലയിലെ വന്യമൃഗ ആക്രമണ ഭീഷണി ഒഴിവാക്കാനും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക – വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

Related Articles

Back to top button