BREAKING NEWSNATIONAL

ആളുമാറി ശസ്ത്രക്രിയ; പതിവുപരിശോധനക്കായി എത്തിയ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രം

പ്രാഗ്: ഗര്‍ഭകാലത്തിന്റെ നാലാം മാസത്തില്‍ പതിവുപരിശോധനക്കായി എത്തിയ പൂര്‍ണ ആരോഗ്യവതിയായ യുവതിയ്ക്ക് ആശുപത്രി ജീവനക്കാര്‍ ആളുമാറി ഗര്‍ഭച്ഛിദ്രം നടത്തി. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ ബുലോവ്ക യൂണിവേഴ്സിറ്റി ആശുപത്രിയില്‍ മാര്‍ച്ച് 25 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുകൂട്ടര്‍ക്കും ഭാഷ അറിയാത്തതിനാല്‍ ആശുപത്രിയിലെ ജീവനക്കാരും യുവതിയും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന അപാകത മൂലമാണ് അനിഷ്ടസംഭവമുണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക വിശദീകരണം.
നഴ്സുമാര്‍, ഗൈനക്കോളജിസ്റ്റും അനസ്തേഷ്യോളജിസ്റ്റും ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന ചികിത്സാസംഘത്തിലെ ആര്‍ക്കും തന്നെ രോഗി മാറിയ കാര്യം തിരിച്ചറിയാനായില്ല എന്നത് സംഭവിച്ച വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ക്യൂറെറ്റാജ് എന്ന ശസ്ത്രക്രിയയിലൂടെയാണ് യുവതിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയത്. സ്പൂണ്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് ഗര്‍ഭപാത്രത്തിനകത്തുനിന്ന് അസാധാരണമായ മുഴകളോ മറ്റോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്. ഇതിനായി അനസ്തേഷ്യയും നല്‍കേണ്ടതുണ്ട്. മറ്റൊരു രോഗിക്കായി തീരുമാനിച്ചിരുന്ന ശസ്ത്രക്രിയ നടത്തിയതിലൂടെ യുവതിയ്ക്ക് ജനിക്കാനിരുന്ന കുഞ്ഞിനെ നഷ്ടമായി.
ചെക്ക് ഭാഷ സംസാരിക്കുകയോ അറിയുകയോ ചെയ്യുന്ന യുവതിയായിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ക്ക് താന്‍ നേരിടാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് സൂചന ലഭിക്കുമായിരുന്നതായി ഗൈനക്കോളജിസ്റ്റും ചെക്ക് മെഡിക്കല്‍ ചേംബര്‍ വൈസ് പ്രസിഡന്റുമായ ജാന്‍ പ്രദ പ്രതികരിച്ചു. തികച്ചും ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിന്റെ കാരണങ്ങള്‍ കണ്ടെത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചെക്ക് സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡേവിഡ് മാര്‍ക്സ് പറഞ്ഞു.
ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച മൂലം ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന രോഗിയ്ക്ക് പകരം മറ്റൊരു യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയതായി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി ബുലോവ്ക ആശുപത്രി വക്താവ് ഈവ സ്റ്റോലെജ്ഡ ലിബിഗെറോവ സിഎന്‍എന്‍ പ്രൈമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായ
ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ ജീവനക്കാര്‍ക്കെതിരെ ഉണ്ടാകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button