BREAKING NEWSNATIONAL

അന്വേഷണ ഏജന്‍സികള്‍ക്ക് പ്രധാന കേസുകള്‍ ശ്രദ്ധിക്കാനാവുന്നില്ല -ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സികള്‍ക്ക് തിരക്കിന്റെ പൂരമാണെന്നും സുപ്രധാന കേസുകളില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
ഇവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തികാരോഗ്യത്തിനും പൊതുക്രമത്തിനും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സി എന്നതിനപ്പുറം വിവിധ തരത്തിലുള്ള ക്രിമിനല്‍ കേസുകള്‍ പരിശോധിക്കാന്‍ സി.ബി.ഐ.യോട് കൂടുതല്‍ ആവശ്യപ്പെടുന്നത് അവര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടാക്കുകയാണെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. സി.ബി.ഐ. സ്ഥാപകദിനത്തില്‍ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ 20-ാമത് ഡി.പി. കോലി സ്മാരക പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. സി.ബി.ഐ.യുടെ സ്ഥാപക ഡയറക്ടറാണ് കോലി.
സാങ്കേതികവിദ്യ കുറ്റകൃത്യങ്ങളുടെ മേഖലയെ മാറ്റിമറിച്ചെന്നും ഇത് സി.ബി.ഐ.ക്കുമുന്നില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളുടെ മേഖല അഭൂതപൂര്‍വമായ വേഗത്തിലാണ് വികസിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുപുറമേ സി.ബി.ഐ.പോലുള്ള അന്വേഷണ ഏജന്‍സികള്‍ അവയെ നേരിടാനുള്ള ശേഷി വികസിപ്പിക്കണം.വ്യക്തിഗത ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ ശ്രദ്ധ വേണം. സമന്‍സുകള്‍ ഓണ്‍ലൈനായി അയച്ചുതുടങ്ങണമെന്നും സാക്ഷി പറയലിലും വെര്‍ച്വല്‍ രീതി അവലംബിക്കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. വിദൂര സ്ഥലങ്ങളില്‍ നിന്നടക്കം ഇത്തരം പ്രക്രിയകള്‍ തുടങ്ങുന്നതോടെ കടലാസു ജോലികള്‍ എളുപ്പമാവുകയും കാലതാമസം ഒഴിവാകുകയും ചെയ്യും. ഭാരത് ന്യായസംഹിതയുടെ സെക്ഷന്‍ 94, എസ്-185 എന്നിവ പ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ക്കായി സമന്‍സ് അയയ്ക്കാന്‍ കോടതികള്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Related Articles

Back to top button