BREAKING NEWSKERALALATEST

ഐസ് കട്ടകള്‍ വാങ്ങുമ്പോള്‍ വരെ ശ്രദ്ധ വേണം; ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. അന്തരീക്ഷ താപനില ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. ജലലഭ്യത കുറവായ ഈ ഉഷ്ണകാലത്ത് ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ടന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ക്കും ജാഥകള്‍ക്കും സ്വീകരണങ്ങള്‍ക്കും മറ്റും ശീതള പാനീയങ്ങള്‍ നല്‍കുന്നവരും അത് കഴിക്കുന്നവരും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കണം. സൂര്യ താപനില ഏറ്റവും കൂടുതലുള്ള രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷ താപനില വളരെ കൂടിയതിനാല്‍ ശരീരത്തില്‍ നിന്നും ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിനും അതു വഴി നിര്‍ജലീകരണം, സൂര്യാഘാതം എന്നിവ സംഭവിക്കുന്നതിനും ഇടയാകും.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കുക.

• ഭക്ഷണപാനീയങ്ങളില്‍ ഈച്ച , കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക

• ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കുന്നതിനും, കഴിക്കുവാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ശുദ്ധജലത്തില്‍ മാത്രം കഴുകുക.

• കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആഹാര പാനീയങ്ങള്‍ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക

• ജ്യൂസുകളും മറ്റു ശീതള പാനീയങ്ങളും തയ്യാറാക്കുവാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

• ശീതള പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.

• അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം, സൂര്യാഘാതം എന്നിവ തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കുക.

• എരിവും പുളിയും കൂടുതലുള്ള പാനീയങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൂടുതലായി ചായ, കാപ്പി എന്നിവ കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

• ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണ പാനീയങ്ങള്‍ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.

• ഭക്ഷണവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ പ്ലേറ്റ് / ഗ്ലാസ്സ് എന്നിവ ഉപയോഗിക്കാതിരിക്കുക. പരിസര ശുചിത്വം പാലിക്കുക.
• വേനല്‍ക്കാലമായതിനാല്‍ പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

• വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

• ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കുട , തൊപ്പി എന്നിവ ഉപയോഗിക്കുക.

• രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്നു മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍തിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

• കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കാറ്റ് കടന്ന്, ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

• കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.

• അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, സൂര്യാഘാതം എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും ഉടന്‍ തന്നെ തണല്‍ ഉള്ള സ്ഥലത്തേയ്ക്ക് മാറി ഇരിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

• അംഗീകൃതമല്ലാത്ത മരുന്നുകളും അശാസ്ത്രീയമായ ചികിത്സകളും സ്വയം ചികിത്സയും ഒഴിവാക്കേണ്ടതാണ്.

Related Articles

Back to top button