BREAKING NEWSKERALALATEST

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. ശക്തമായ തിരമാല റോഡിലേക്ക് കയറി. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. അതേസമയം, കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ഇന്നലെ പിന്‍വലിച്ചിരുന്നെങ്കിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്. റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം. ഇന്നലെ രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പിനിടെയാണ് അഞ്ചു തെങ്ങില്‍ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് തുടരും. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.

Related Articles

Back to top button