BREAKING NEWSNATIONAL

ഹനുമാന്‍ തുണയില്‍ സിപിഎമ്മിന് ഒരു വോട്ട്; ചിഹ്നം നിലനിര്‍ത്താനുള്ള പെടാപ്പാടില്‍ ബിഹാറിലെ അടവുനയം

പട്‌ന: ബജ്‌റംഗബലി (ഹനുമാന്‍) കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൊരു വോട്ട് ഹനുമത്ജയന്തി ദിനത്തില്‍ ഖഗഡിയ ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി സഞ്ജയ് കുമാറിനായി പുറത്തിറക്കിയ പോസ്റ്റര്‍ ഭക്തിമയം. ചിഹ്നം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ സിപിഎമ്മിന്റെ അടവുനയമാണിതെന്ന് ആരോപണമുണ്ട്.
ബിഹാറില്‍ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റാണ് ഖഗഡിയ. 20 വര്‍ഷത്തിനുശേഷം ബിഹാറില്‍ നിന്നൊരു ലോക്‌സഭാംഗത്തിനായി സിപിഎം കടുത്ത പ്രചാരണത്തിലാണ്. ഖഗഡിയ മണ്ഡലത്തിലെ സാമൂഹിക ഘടകങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അനുകൂലമാണെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ അവധേഷ് കുമാര്‍ അവകാശപ്പെട്ടു.
എന്‍ഡിഎയുടെ എല്‍ജെപി (റാംവിലാസ്) സ്ഥാനാര്‍ഥി ഭാഗല്‍പുര്‍ സ്വദേശിയായ രാജേഷ് വര്‍മയ്ക്കു ഖഗഡിയയില്‍ വേരുകളില്ല. സ്വര്‍ണ വ്യാപാരിയായ രാജേഷിന്റെ സോനാര്‍ സമുദായ വോട്ടുകള്‍ ഖഗഡിയയില്‍ തീരെ കുറവാണെന്നും അവധേഷ് കുമാര്‍ വിശദീകരിച്ചു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും സിപിഎം സ്ഥാനാര്‍ഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നു. സീറ്റു നിഷേധിക്കപ്പെട്ട എല്‍ജെപി സിറ്റിങ് എംപി മെഹ്ബൂബ് അലി ആര്‍ജെഡിയില്‍ ചേര്‍ന്നതു ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു. സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തില്‍ നിന്നു 2000 ല്‍ വിജയിച്ചിരുന്നു.

Related Articles

Back to top button