BREAKING NEWSLATESTWORLD

ബ്രിട്ടനില്‍ ശവസംസ്‌കാര ചെലവ് കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ട്

കുടിയേറ്റം ശക്തമായതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വീടിനും സ്ഥലത്തിനും പൊന്നുവിലയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒപ്പം താമസിക്കാന്‍ വാടകവീട് പോലും കിട്ടാനില്ലെന്നുള്ള പരാതികളും. എന്നാല്‍ ബ്രിട്ടനില്‍ നിന്ന് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതാണ്. ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും മുകളിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ആളുകള്‍ക്ക് കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021 മുതല്‍ യുകെയില്‍ ശവസംസ്‌കാര ചടങ്ങുകളുടെ മൊത്തം ചെലവ് 3.8 ശതമാനം വര്‍ധിച്ച് 9,200 പൗണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ഏകദേശം 9.6 ലക്ഷം രൂപ. 2023 -ല്‍ മൊത്തത്തിലുള്ള ചെലവ് വീണ്ടും 9,658 പൗണ്ടായി വര്‍ദ്ധിച്ചെന്ന് സണ്‍ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് ഏകദേശം ഒരു മരണാനന്തര ചടങ്ങ് നടത്താന്‍ 10 ലക്ഷം രൂപ ആകുമെന്ന്. ശവസംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇപ്പോള്‍ ബ്രിട്ടനില്‍ ജീവിക്കാന്‍ മാത്രമല്ല മരിക്കാനും ലക്ഷങ്ങള്‍ വേണ്ട അവസ്ഥയാണെന്ന് ചിലര്‍ ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ശവസംസ്‌കാര ചടങ്ങുകള്‍ പെട്ടന്ന് നടത്താന്‍ സാധിക്കാത്തവര്‍ക്ക് മൃതദേഹങ്ങള്‍ കുറച്ചു ദിവസത്തേക്ക് ആശുപത്രിയില്‍ സൂക്ഷിക്കാം. എന്നാല്‍, അത് ഗ്രാന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ വെറും 21 ദിവസത്തേക്ക് മാത്രമാണ്. കൂടാതെ ശവസംസ്‌കാര ചെലവിന്റെ പകുതി തുക മുന്‍കൂറായി മൃതദേഹം സൂക്ഷിക്കുന്നവര്‍ക്ക് നല്‍കുകയും വേണം. അത് തന്നെ ഏകദേശം 4 ലക്ഷം രൂപയാകും.
ശവസംസ്‌കാര ചടങ്ങുകള്‍ക്കായി സര്‍ക്കാര്‍ ആനുകൂല്യങ്ങളും പെന്‍ഷനേഴ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആനുകൂല്യങ്ങളും രാജ്യത്ത് നല്‍കുന്നുണ്ടെങ്കിലും ഇത് എല്ലാവര്‍ക്കും ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഈ ആനൂകൂല്യം ലഭിക്കണമെങ്കില്‍ മൂന്ന് മുതല്‍ ആറ് മാസം വരെ കാലതാമസവുമുണ്ടാകും. എതായാലും മൃതദേഹ സംസ്‌കരണ ചെലവിലുണ്ടായ വര്‍ദ്ധനവ് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button