ഒരു കെട്ടിടത്തില്‍ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയും ഉയരങ്ങള്‍ അനായാസം കീഴടക്കിയും കാഴ്ചക്കാരില്‍ അത്ഭുതവും ആകാംക്ഷയും നിറയ്ക്കുന്ന സ്പൈഡര്മാന് എന്ന കഥാപാത്രത്തിന്റെ ആരാധകര്‍ അല്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം പ്രകടനങ്ങള്‍ നടത്തുന്ന ഒരു 43 കാരി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ‘ചൈനീസ് സ്പൈഡര്‍ വുമണ്‍’ എന്നറിയപ്പെടുന്ന ഈ 43 വയസ്സുകാരി, കയ്യുറകളോ സുരക്ഷാ ഗിയറുകളോ ഇല്ലാതെ 100 മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകളില്‍ അനായാസം കയറിയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗ്വിഷൗ പ്രവിശ്യയിലെ സിയുന്‍ മിയാവോയില്‍ നിന്നുള്ള ലുവോ ഡെങ്പിന്‍ ആണ് ഈ സ്പൈഡര്‍ വുമണ്‍. ഉയരമുള്ള പാറക്കെട്ടുകളും മറ്റും കയറുമ്പോള്‍ ഉപയോഗിക്കേണ്ട യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയാണ് ഇവര്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. നഗ്നമായ കൈകള്‍ കൊണ്ട് മലനിരകള്‍ കീഴടക്കുന്ന പുരാതന മിയാവോ പാരമ്പര്യത്തിന്റെ ലോകത്തിലെ ഏക വനിത കൂടിയാണ് ലുവോ ഡെങ്പിന്‍. 30 നില കെട്ടിടത്തിന് സമാനമായ 108 മീറ്റര്‍ ഉയരമുള്ള ഒരു പാറക്കെട്ടില്‍ കയറിയതോടെയാണ് സ്പൈഡര്‍ വുമണ്‍ എന്ന വിളിപ്പേര് ഇവര്‍ക്ക് ലഭിച്ചത്. ഏതാണ്ട് ലംബമായ പാറകളിലൂടെ കൈയുറകള്‍ പോലും ധരിക്കാതെയാണ് ഇവര്‍ മലനിരകള്‍ കയറുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അവളുടെ അസാധാരണമായ വൈദഗ്ദ്ധ്യം പുരാതന മിയാവോയിലെ മലനിരകളിലെ ശ്മശാനങ്ങളുമായി ബന്ധപ്പെട്ടതാണ്. പരമ്പരാഗതമായി വിദൂര പ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും വസിക്കുന്ന മിയാവോ വിഭാഗക്കാര്‍ അവരുടെ ഇടയില്‍ നിന്നും മരിച്ചു പോയ ആളുകളെ ഏറ്റവും ഉയര്‍ന്ന മലനിരകള്‍ക്ക് മുകളില്‍ സജ്ജീകരിച്ചുള്ള ശ്മശാനങ്ങളിലായിരുന്നു അടക്കിയിരുന്നത്. ഇങ്ങനെ ചെയ്യുന്നത് തങ്ങളുടെ പൂര്‍വികരെ മരണശേഷവും മാതൃ രാജ്യത്തേക്ക് നോക്കാന്‍ അനുവദിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മരണശേഷം വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയുടെ പ്രതീകങ്ങളായി ബോട്ടിന്റെ ആകൃതിയിലുള്ള ശവപ്പെട്ടികളിലായിരുന്നു ഇവരെ അടക്കം ചെയ്തിരുന്നത്.
എന്നാല്‍, കാലക്രമേണ മിയാവോ ജനത ഈ മലകയറ്റ ശവസംസ്കാരങ്ങള്‍ ഉപേക്ഷിച്ചു. അതോടെ ഇവര്‍ക്കിടയില്‍ അതിസാഹസികമായി മല കയറുന്നവരുടെ എണ്ണവും കുറഞ്ഞുവന്നു. നിലവില്‍, ഈ പ്രദേശത്തെ ഒരേയൊരു സ്പൈഡര്‍ വുമണ്‍ ആണ് ലുവോ. 15-ാം വയസ്സില്‍ പിതാവിന്റെ ശിക്ഷണത്തിലാണ് അവള് റോക്ക് ക്ലൈംബിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ ആണ്‍കുട്ടികളുമായി മത്സരിക്കാനാണ് താന്‍ റോക്ക് ക്ലൈംബിംഗ് പഠിച്ചത് എന്നാണ് ലുവോ പറയുന്നത്. പിന്നീട് അത് ഔഷധസസ്യങ്ങള്‍ ശേഖരിക്കാനും പാറക്കെട്ടിലെ പക്ഷികൂടുകളില്‍ നിന്ന് ഔഷധഗുണമുള്ള പക്ഷി കാഷ്ഠം ശേഖരിക്കാനും അതുവഴി ഒരു ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനുമുള്ള മാര്‍ഗ്ഗമായി തനിക്ക് മാറിയെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്ന് ഇത്തരത്തില്‍ ഔഷധസസ്യങ്ങള്‍ ശേഖരിക്കേണ്ട അത്യാവശ്യം ഇല്ലെന്നും വിനോദസഞ്ചാരികള്‍ക്കായി തന്റെ കഴിവിനെ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു.
65 1 minute read