BREAKINGINTERNATIONALNRI

അമേരിക്കന്‍ സ്‌കോളര്‍ഷിപ്പിനായി അച്ഛന്റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി

അമേരിക്കന്‍ സ്‌കോളര്‍ഷിപ്പിനായി പിതാവ് മരിച്ചതായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ലെഹി യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിയായ ആര്യന്‍ ആനന്ദ് ആണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പ്രശസ്തമായ സ്ഥാപനത്തില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നേടിയെടുക്കാനായി അച്ഛന്റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. സാമ്പത്തിക രേഖകളും ട്രാന്‍സ്‌ക്രിപ്റ്റുകളും വ്യാജമായി സൃഷ്ടിച്ചതോടൊപ്പം തന്നെ സ്വന്തം പിതാവിന്റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റും ഇയാള്‍ തയ്യാറാക്കി. കൂടാതെ തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെത് എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വ്യാജ ഇമെയില്‍ വിലാസം സൃഷ്ടിക്കുകയും അത് ഉപയോഗിച്ച് ആര്യന്‍ വ്യജ മെയിലുകള്‍ അയക്കുകയും ചെയ്തു.
അടുത്തിടെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ തന്റെ ജീവിതവും കരിയറും കെട്ടിപ്പടുത്തതിനെക്കുറിച്ച് ഇയാള്‍ പരസ്യമായി തുറന്നു പറച്ചില്‍ നടത്തിയതിലൂടെയാണ് സംഭവങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ ആര്യന്‍ ആനന്ദ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ 30 -ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമയ്ക്കല്‍, സേവനങ്ങള്‍ മോഷ്ടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരെ ചുമത്തിയത്. ലെഹി സര്‍വകലാശാല പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ആര്യന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയതോടെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൃത്യമായ ഇടപെടലിനെ അഭിനന്ദിച്ച് കൊണ്ട് ലെഹി സര്‍വ്വകലാശാലയും പ്രസ്താവന ഇറക്കി.
പോലീസിന്റെ സൂക്ഷ്മമായ അന്വേഷണത്തെ സര്‍വ്വകലാശാല അധികൃതര്‍ അഭിനന്ദിച്ചു. റെഡ്ഡിറ്റ് പോസ്റ്റ് എഴുതിയത് ആര്യന്‍ ആണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ആര്യന്‍ ആനന്ദിന്റെ പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ആണ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് ആര്യന്‍ ആനന്ദ് ചെയ്തതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, യൂണിവേഴ്‌സിറ്റി അധികൃതരുടെ അപ്പീല്‍ കാരണം ഇയാളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്താക്കുകയും ശിക്ഷയായി ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button