ന്യൂഡല്‍ഹി: മണിപ്പുര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മണിപ്പുരിലെ സംസ്ഥാന സര്‍ക്കാരിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ഡിവാല, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കുക്കി വിഭാഗത്തില്‍പ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച വിഷയത്തിലാണ് സുപ്രീം കോടതി മണിപ്പുര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കുക്കി വിഭാഗത്തില്‍പെട്ട വ്യക്തി ആയതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ചികിത്സ നിഷേധിക്കപെടുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
മണിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരനെ ഉടന്‍തന്നെ ഗോഹട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും എല്ലാവിധ ചികിത്സയും നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഈ ചികത്സയുടെ ചെലവ് പൂര്‍ണ്ണമായും മണിപ്പുര്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലായ് 15-നകം മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
104 Less than a minute