BREAKINGKERALA

മാന്നാര്‍ കൊലപാതകം; പ്രതികള്‍ ആറ് ദിവസം പൊലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: മാന്നാര്‍ കൊലപാതകത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂര്‍ കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ സമ്മതിച്ചതായി മുഖ്യസാക്ഷി പറയുന്നു.
കലയെ കൊലപ്പെടുത്താന്‍ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണം, കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. അതിനായും കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
15 വര്‍ഷം മുന്‍പ് കലയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് ഒന്നാംപ്രതി. നിലവില്‍ ഇയാള്‍ ഇസ്രയേലിലാണ്. ഇയാളെ ഉടന്‍ നാട്ടിലെത്തിച്ചേക്കുമെന്നാണ് സൂചന.
പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആര്‍. 2009-ല്‍ പെരുമ്പുഴ പാലത്തിന് മുകളില്‍ കാറിനുള്ളില്‍വെച്ചാണ് കൊലപാതകം നടന്നത്. ഇതിനുശേഷം മൃതദേഹം മറവുചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കൊപ്പം സുരേഷ്‌കുമാര്‍ എന്നയാളേക്കൂ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇയാളെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് നീക്കം. കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെതിരേ നിര്‍ണായക സാക്ഷിമൊഴി നല്‍കിയതും ഇയാളാണ്. പെരുമ്പുഴ പാലത്തിന് മുകളില്‍വെച്ച് കാറിനുള്ളിലിട്ട് അനില്‍കുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ മൊഴി. കൃത്യം നടത്തിയശേഷം മൃതദേഹം മറവുചെയ്യാന്‍ അനില്‍കുമാര്‍ തന്റെ സഹായംതേടി. എന്നാല്‍, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.
കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭര്‍ത്താവ് അനില്‍ കുമാര്‍ സമ്മതിച്ചതായി മുഖ്യസാക്ഷി പറയുന്നു. അനില്‍ കുമാര്‍ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടെന്നും സാക്ഷി സുരേഷ് പറഞ്ഞു. അനില്‍ കുമാറിന്റെ ഭീഷണി ഭയന്നാണ് കൊലപാതക വിവരം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് പറഞ്ഞിരുന്നു.
ഇന്നലെയാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയെ കാണാതായ കേസില്‍ സത്യങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

Related Articles

Back to top button