BREAKINGNATIONAL
Trending

ജമ്മുകാശ്മീര്‍ ഭീകരാക്രമണം രാജ്യ സുരക്ഷയ്ക്ക് ഭീഷണി; വ്യാജ വാഗ്ദാനങ്ങളല്ല, നടപടി വേണമെന്ന് രാഹുല്‍ ഗാന്ധി

ദില്ലി:ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ രാഹുല്‍ ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളില്‍ നിന്നും വ്യാജ വാഗ്ദാനങ്ങളില്‍ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുല്‍ പറഞ്ഞു.
കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. ഏറ്റുമട്ടലില്‍ ആദ്യം 4 സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്‍ രാത്രിയോടെ മരണപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
അതേസമയം ജമ്മുകാശ്മീരിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രംഗത്തെത്തി. ജമ്മുകാശ്മീരില്‍ സ്ഥിതി നാള്‍ക്കുനാള്‍ മോശമാകുകയാണ്. ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരില്‍ മോദി സര്‍ക്കാര്‍ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്തമായി മാറുന്നുകയാണ്. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു, ഭീകരതയ്‌ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നും ഖര്‍ഗെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

Related Articles

Back to top button