BREAKINGKERALA

ആകാശ് തില്ലങ്കേരി വയനാട്ടില്‍ കറങ്ങിയ ജീപ്പ് ‘സ്ഥിരം കേസ്’വാഹനം, പിഴയടച്ചത് പലതവണ

കല്‍പ്പറ്റ: നിയമം ലംഘിച്ച് വയനാട്ടില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റേതാണെന്ന് എംവിഡി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ആകാശ് തില്ലങ്കേരി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. മാനന്തവാടി കല്‍പ്പറ്റ സംസ്ഥാന പാതയിലാണ് മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുളള ഡ്രൈവിങ് വീഡിയോ ചിത്രീകരിച്ചത്. ജീപ്പിന് നമ്പര്‍ പ്ലേറ്റുണ്ടായിരുന്നില്ല. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ജീപ്പില്‍ ട്രാക്ടറിനേത് സമാനമായ ടയറാണ് വച്ചത്. വാഹനത്തിലുണ്ടായിരുന്നവര്‍ സീറ്റ് ബെല്‍റ്റും ധരിച്ചിട്ടില്ല. ഇതാണ് ചിത്രീകരിച്ച് റീലാക്കി പോസ്റ്റ് ചെയ്തത്.
ആകാശിന്റെ കൂടെയുളള സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമിലടക്കം വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തി. വാഹനത്തിന് നമ്പറില്ലാത്തതിനാല്‍ വണ്ടി കണ്ടെത്താന്‍ പാടുപെട്ട എംവിഡി ഒടുവില്‍ മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റേതെന്ന് ജീപ്പെന്ന് തിരിച്ചറിഞ്ഞു. കെഎല്‍ പത്ത് ബി 3724 രജിസ്‌ട്രേഷനുളള വണ്ടി മുമ്പ് രണ്ട് തവണ നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ട്.
2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവില്‍ പിടികൂടിയപ്പോള്‍ പിഴയിട്ടത്. സംഭവത്തില്‍ നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹവകുപ്പ്. കേസ് മലപ്പുറം ആര്‍ടിഓയ്ക്ക കൈമാറുമെന്നും ആര്‍സി സസ്‌പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്ന് വയനാട് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ആാശിനെതിരെ നടപടിയാവശ്യപ്പെട്ട് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദും ആര്‍ടിഓയ്ക്ക് പരാതി നല്‍കിയിരുന്നു.

Related Articles

Back to top button