BREAKINGNATIONAL

നീറ്റ് ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
പരീക്ഷ റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്. വ്യാപകക്രമക്കേട് നടന്നിട്ടില്ലെന്നും നീറ്റ് റദ്ദാക്കേണ്ടതില്ലെന്നുമാണ് കേന്ദ്രവും പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജന്‍സിയും (എന്‍.ടി.എ.) വാദിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതിറിപ്പോര്‍ട്ട് സി.ബി.ഐ. സമര്‍പ്പിച്ചിരുന്നു. നീറ്റില്‍ വ്യാപകക്രമക്കേട് നടക്കുകയോ ഏതെങ്കിലും മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് വലിയമാര്‍ക്ക് ലഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഐ.ഐ.ടി. മദ്രാസിന്റെ റിപ്പോര്‍ട്ട്. പരീക്ഷാസ്‌കോര്‍ പരിശോധിക്കുമ്പോള്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതാണ് കേന്ദ്രവും ആശ്രയിക്കുന്നത്. ക്രമക്കേട് വ്യാപകമല്ലെങ്കില്‍ 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഈവര്‍ഷത്തെ നീറ്റ് യു.ജി. കൗണ്‍സലിങ് നാലു റൗണ്ടായി ജൂലായ് മൂന്നാംവാരംമുതല്‍ നടത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷാക്രമക്കേടിന്റെ നേട്ടം ലഭിച്ചുവെന്ന് കണ്ടെത്തിയാല്‍ അവരുടെ പ്രവേശനം റദ്ദാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Related Articles

Back to top button