BREAKINGNATIONAL

അഗ്‌നിവീറുകള്‍ക്ക് പോലീസിലും വനംവകുപ്പിലും ഉള്‍പ്പെടെ സംവരണം പ്രഖ്യാപിച്ച് ഹരിയാണ; പലിശരഹിത വായ്പയും

ചണ്ഡീഗഡ്: വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്‌നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാണ സര്‍ക്കാര്‍. പോലീസ് കോണ്‍സ്റ്റബിള്‍, വനംവകുപ്പിലെ ഗാര്‍ഡ്, ഖനികളിലെ ഗാര്‍ഡ്, ജയില്‍ വാര്‍ഡന്‍, എസ്.പി.ഒ. തുടങ്ങിയ സര്‍ക്കാര്‍ ജോലികളിലേക്കാണ് അഗ്‌നിവീറുകള്‍ക്ക് സംവരണം നല്‍കുകയെന്ന് മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു. അഞ്ചുലക്ഷം രൂപ വരെ പലിശരഹിതവായ്പ്പയും അഗ്‌നിവീറുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘2022 ജൂണ്‍ 14-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഗ്‌നിപഥ് പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി പ്രകാരം അഗ്‌നിവീറുകള്‍ നാലുവര്‍ഷമാണ് ഇന്ത്യന്‍ സൈന്യത്തിലുണ്ടാകുക. ഹരിയാണയില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ 10 ശതമാനം സംവരണം നല്‍കും. പോലീസ് കോണ്‍സ്റ്റബിള്‍, ഖനികളിലെ ഗാര്‍ഡ്, വനംവകുപ്പ് ഗാര്‍ഡ്, ജയില്‍വാര്‍ഡന്‍, എസ്.പി.ഒ. എന്നീ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെയാണ് അഗ്‌നിവീറുകളെ നിയമിക്കുക’, മുഖ്യമന്ത്രി നയബ് സിങ് സൈനി പറഞ്ഞു.
ഗ്രൂപ്പ് ബി, സി വിഭാഗത്തിലുള്ള സര്‍ക്കാര്‍ ജോലികളിലെ പ്രായപരിധിയില്‍ അഗ്‌നിവീറുകള്‍ക്ക് മൂന്നുവര്‍ഷം ഇളവുനല്‍കും. കൂടാതെ ഗ്രൂപ്പ് സി വിഭാഗത്തിലെ സിവില്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനങ്ങളില്‍ അഞ്ച് ശതമാനം സംവരണവും ഗ്രൂപ്പ് ബി വിഭാഗത്തില്‍ ഒരുശതമാനം സംവരണവുമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളത്തോടെ അഗ്‌നിവീറുകള്‍ക്ക് ജോലിനല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 60,000 രൂപ സബ്സിഡി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഹരിയാണ സര്‍ക്കാരിന്റെ പുതിയ നീക്കം. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ ഉള്‍പ്പെടെ ഈ വിഷയം ഉന്നയിച്ചിരുന്നു. ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന തൊഴിലാളികളാണ് അഗ്‌നിവീറുകള്‍ എന്നാണ് രാഹുല്‍ ലോക്സഭയില്‍ പറഞ്ഞത്.

Related Articles

Back to top button