ധാക്ക: 2002ല്‍ വംശനാശ ഭീഷണി നേരിട്ടുവെന്ന് വിലയിരുത്തിയ വിഷ പാമ്പുകളേക്കൊണ്ട് വലഞ്ഞ് ബംഗ്ലാദേശ്. വിളവെടുപ്പ് സീസണ്‍ കൂടി അടുത്തതോടെ ആളുകള്‍ക്ക് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വലിയ രീതിയിലാണ് വര്‍ധിച്ചിരിക്കുന്നത്. ദിനം പ്രതി പാമ്പ് കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ആശുപത്രികളോട് ആന്റി വെനം കരുതി വയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ബംഗ്ലാദേശ് ആരോഗ്യമന്ത്രി ഡോ. സമാന്ത ലാല്‍ സെന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാമ്പ് കടിയേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അണലി പാമ്പാണ് ബംഗ്ലാദേശിനെ അടുത്തിടെയായി വലയ്ക്കുന്ന വീരന്‍. സാധാരണ ഗതിയില്‍ മനുഷ്യവാസമുള്ള മേഖലകളില്‍ കാണാറുള്ള ഇവയെ വയലിലും പരിസരത്തും കാണാറുണ്ട്. ഓരോ വര്‍ഷവും 7000 പേര്‍ ബംഗ്ലാദേശില്‍ പാമ്പ് കടിയേറ്റ് മരിക്കുന്നുവെന്നാണ് 2023ല്‍ നടന്ന പഠനത്തില്‍ വ്യക്തമായത്. 2002ല്‍ അണലി പാമ്പുകളെ ബംഗ്ലാദേശില്‍ വംശനാശം വന്നതായി വിലയിരുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ ബംഗ്ലാദേശിലെ വിവിധ ഇടങ്ങളില്‍ അണലികളെ കണ്ടെത്തിയിരുന്നു.
സാധാരണ ഗതിയില്‍ വരണ്ട പ്രദേശങ്ങളില്‍ കണ്ടിരുന്ന ഇവ ഏത് കാലാവസ്ഥയോടും പൊരുത്തപ്പെട്ട് വരുന്നതായാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ലാതിരുന്ന ഇവയെ നിലവില്‍ ബംഗ്ലാദേശിലെ 25 ജില്ലകളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. രക്ത പര്യയന വ്യവസ്ഥയേയാണ് അണലിയുടെ വിഷം ബാധിക്കുന്നത്.
1,083 Less than a minute