BREAKINGNATIONAL

ബിഹാറില്‍ 12 കോടിരൂപ ചെലവഴിച്ച് നിര്‍മിച്ച പാലം ഉദ്ഘാടനത്തിനുമുമ്പേ തകര്‍ന്നുവീണു

പട്‌ന: ബിഹാറിലെ അരാരിയയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നത്.
നദിക്കു കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങള്‍ക്കുള്ളില്‍ തകരുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പങ്കുവച്ചു. തകര്‍ന്ന ഭാഗം നിമിഷങ്ങള്‍ക്കകം നദിയിലൂടെ ഒലിച്ചുപോയി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അപകടകരമായ സാഹചര്യത്തില്‍ തകര്‍ന്ന പാലത്തിന് സമീപം നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബിഹാറിലെ അരാരിയ ജില്ലയില്‍ കുര്‍സകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് 12 കോടി രൂപ ചെലവില്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ കമ്പനി ഉടമയുടെ അനാസ്ഥ മൂലമാണ് പാലം തകര്‍ന്നതെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സിക്തി എംഎല്‍എ വിജയ് കുമാര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button