BREAKINGNATIONAL
Trending

വീണ്ടും ജാതിസംവരണ രാഷ്ട്രീയം ഉയര്‍ത്താന്‍ കോണ്‍ഗ്രസ്; ലക്ഷ്യം എന്‍.ഡി.എ.യില്‍ ഭിന്നത സൃഷ്ടിക്കല്‍

ന്യൂഡല്‍ഹി: ലോക്സഭാതിരഞ്ഞെടുപ്പില്‍ തുണച്ച ജാതിസെന്‍സസ്, സംവരണപരിധി ഒഴിവാക്കല്‍ ആവശ്യങ്ങള്‍ വീണ്ടും ശക്തമായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്. ഭരണമുന്നണിയിലുള്ള ജെ.ഡി.യു.വിന്റെയും ടി.ഡി.പി.യുടെയും രാഷ്ട്രീയ നിലപാടിനനുസൃതമായി ജാതിവിഷയം ഉയര്‍ത്തി എന്‍.ഡി.എ.യില്‍ ഭിന്നതയുണ്ടാക്കുകയാണ് ലക്ഷ്യം. ജാതിസംവരണം 50 ശതമാനത്തിലും കൂട്ടുന്നതിന് ഭരണഘടനാ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു.
ബിഹാറിലെ സംവരണക്വാട്ട വര്‍ധിപ്പിക്കുന്നത് ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ജെ.ഡി.യു. നിര്‍ദേശിച്ചതിനുപിന്നാലെയാണിത്. സര്‍ക്കാര്‍ജോലിക്കും വിദ്യാഭ്യാസത്തിനും ജാതിസര്‍വേയുടെ അടിസ്ഥാനത്തില്‍ ബിഹാറില്‍ പ്രഖ്യാപിച്ച 65 ശതമാനം സംവരണം പട്ന കോടതി റദ്ദാക്കിയിരുന്നു. ഇതു മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണമെന്നാണ് കഴിഞ്ഞദിവസം ജെ.ഡി.യു. ദേശീയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടത്.
നിതീഷ് കുമാറിന്റെ ജെ.ഡി.യു.വിനെപ്പോലെ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവും ജാതിസെന്‍സസിനായി വാദിക്കുന്നയാളാണ്. 2021-ല്‍ ഈയാവശ്യമുന്നയിച്ച് നായിഡു മോദിക്ക് കത്തെഴുതിയിരുന്നു. ജെ.ഡി.യു. ആവശ്യമുന്നയിച്ചത് നല്ലതാണെന്നും എന്നാല്‍, കേന്ദ്ര, സംസ്ഥാന ബി.ജെ.പി. ഇക്കാര്യത്തില്‍ നിശ്ശബ്ദരാണെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി. നിതീഷ്, ഇന്ത്യസഖ്യത്തിനൊപ്പമുണ്ടായിരുന്നപ്പോള്‍ പ്രധാനമായും ഉന്നയിച്ച വിഷയങ്ങളായിരുന്നു ജാതിസെന്‍സസും സംവരണപരിധിയും.
ബിഹാറില്‍ നിതീഷിന്റെ വോട്ടുബാങ്ക് പൂര്‍ണമായും ജാതിവിഷയങ്ങളിലൂന്നിയാണ്. എന്‍.ഡി.എ.യുടെ ഭാഗമാണെങ്കിലും ജാതിസെന്‍സസ് ആവശ്യവും സംവരണവും ഒഴിവാക്കി മുന്നോട്ടുപോയാല്‍ ജെ.ഡി.യു.വിന് തിരിച്ചടിയുണ്ടാകും. ജാതിസെന്‍സസ് രാജ്യമെങ്ങും നടത്തുമെന്നുപറഞ്ഞാണ് നിതീഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിവിധ ജാതികളുടെ പിന്നാക്കാവസ്ഥ മനസ്സിലാക്കിവേണം ആനുകൂല്യം വിതരണംചെയ്യേണ്ടതെന്ന നിലപാടിലാണ് നായിഡുവും. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവി വേണമെന്ന ആവശ്യവും ഇരുനേതാക്കളും ഉന്നയിക്കുന്നുണ്ട്. എന്നാല്‍, മത-ജാതി അടിസ്ഥാനത്തില്‍ സംവരണമനുവദിക്കുന്ന കാര്യത്തില്‍ ബി.ജെ.പി.ക്ക് താത്പര്യമില്ല.

Related Articles

Back to top button