തിരുവനന്തപുരം: ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാടില്‍ നിന്ന് ഒരു പിന്‍വാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ്. കൃത്യമായ കാരാറോടെയാണ് ഭൂമി വില്‍പ്പനയില്‍ ഏര്‍പ്പെട്ടത്. അഡ്വാന്‍സ് പണം തന്ന ശേഷം കരാറുകാരന്‍ ഭൂമിയില്‍ മതില്‍ കെട്ടി. മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിച്ചു. എന്നാല്‍ ഭൂമി വിറ്റിട്ട് പണം നല്‍കാമെന്ന് അറിയിച്ചുവെന്നും ഡിജിപി പറയുന്നു.
ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്ന് ധാരണയായിരുന്നു. തനിക്കാണ് നഷ്ടം സംഭവിച്ചതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഡിജിപി പ്രതികരിച്ചു.
അതേസമയം, ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയാണ് വാങ്ങാന്‍ ശ്രമിച്ചതെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ഉമര്‍ ശരീഫ് പറഞ്ഞു. ഇടപാടുകളെല്ലാം ഡിജിപിയുമായി ബന്ധപ്പെട്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 30 ലക്ഷം രൂപ നല്‍കിയിരുന്നു. വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ഒറിജിനല്‍ ആധാരം കാണണമെന്ന് താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉമര്‍ ശരീഫ് പറയുന്നു.
പ്രോപ്പര്‍ട്ടിയില്‍ യാതൊരു ബാധ്യതയില്ലെന്ന് പറഞ്ഞിരുന്നു. 2023 ജൂണ്‍ 23ന് കരാര്‍ വെച്ചിരുന്നു. രണ്ട് മാസമായിരുന്നു കാലാവധി. ആദ്യഘട്ടത്തില്‍ 15 ലക്ഷമാണ് കൊടുത്തത്. രണ്ടു തവണയായി 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. 5 ലക്ഷം പണമായി വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ഡിജിപിയുടെ ചേംബറില്‍ പോയി കൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം ആല്‍ത്തറ എസ്ബിഐ ബ്രാഞ്ചില്‍ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിന്ന് പിന്‍മാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തരുന്നില്ല. ഡിജിപിയെ അവഹേളിക്കണമെന്ന് ആഗ്രഹമില്ല. പണം തരാത്തതിനാലാണ് നിയമപരമായി നീങ്ങിയത്. അങ്ങനെയാണ് സ്ഥലം കോടതി ജപ്തി ചെയ്യുന്നത്. എന്നാല്‍ പണം തിരികെ തരാതെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കോടതി തടയുകയായിരുന്നു. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരു. അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പ ബാധ്യതയുള്ള ഭൂമി വില്‍ക്കാനായി വില കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമര്‍ ശരീഫ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.
1,178 1 minute read