SPORTSFOOTBALL

പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി പോര്‍ച്ചുഗല്‍; തുര്‍ക്കിയോട് ജയിച്ചത് മൂന്ന് ഗോളുകള്‍ക്ക്

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കിയെ തറപറ്റിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഇരുപത്തിയൊന്നാം മിനിറ്റില്‍ ബര്‍ണാഡോ സില്‍വ, 55 -ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഇരുപത്തിയെട്ടാം മിനുട്ടിലെ തുര്‍ക്കിയുടെ സെല്‍ഫ് ഗോള്‍ കൂടി ചേര്‍ന്നതാണ് പോര്‍ച്ചുഗലിന്റെ സ്‌കോര്‍. സാമറ്റ് അക്കയ്ഡിന്‍ കീപ്പര്‍ക്ക് നല്‍കിയ പന്ത് പരസ്പര ധാരണ നഷ്ടപ്പെട്ട് ഗോള്‍ വര കടക്കുകയായിരുന്നു. മികച്ച കുറച്ച് മുന്നേറ്റങ്ങള്‍ തുര്‍ക്കിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ഇത് ഗോളില്‍ കലാശിച്ചില്ല. മത്സരം തുടങ്ങിയതു മുതല്‍ ഇരു ടീമുകളും സ്‌കോര്‍ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ഇരുപത്തിയൊന്നാം മിനിറ്റില്‍ വലതു വിംഗിലൂടെ ഓടിയെത്തി പോര്‍ച്ചുഗല്‍ പ്രതിരോധനിര താരം ന്യൂനോ മെന്‍ഡസ് ബോക്സിലേക്ക് നല്‍കിയ ക്രോസ് ബെര്‍ണാഡോ സില്‍വക്ക് ലഭിച്ചു. ഒരു ഇടംകാലന്‍ സ്‌ട്രൈക്കിലൂടെ സില്‍വ അത് ഗോളിലേക്ക് തിരിച്ചുവിട്ടു. യൂറോയില്‍ ബര്‍ണാഡോ സില്‍വയുടെ ആദ്യ ഗോള്‍. സ്‌കാര്‍ 1-0.

പ്രതീക്ഷിക്കാതെ ആയിരുന്നു പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ വന്നത്. പോര്‍ച്ചുഗല്‍ പ്രതിരോധനിര താരം ജോവോ കാന്‍സെലോ മധ്യനിരയിലൂടെ മുന്നേറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക് പന്ത് എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ദുര്‍ബലമായ പാസ് പക്ഷേ റൊണാള്‍ഡോക്ക് പിടിച്ചെടുക്കാന്‍ ആയില്ല. അദ്ദേഹം നിരാശയോടെ പിന്തിരിയുന്നതിനിടെ തുര്‍ക്കി ഡിഫന്‍ഡര്‍ സാമെറ്റ് അക്കയ്ഡിന്‍ അശ്രദ്ധമായി പന്ത് ഗോള്‍കീപ്പര്‍ അല്‍തയ് ബയിന്ദിറിന് മൈനസ് നല്‍കി. കീപ്പറെയും കടന്നുപോയ പന്ത് പതിയെ ഗോള്‍ വര കടന്നു. ഇരുവരും ഓടിയെത്തി ഗോള്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button