തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ വെട്ടിക്കുറയ്ക്കും. അനുവദിച്ച തുക പുനഃക്രമീകരിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. അവശ്യംവേണ്ട പദ്ധതികളുടെ മുന്‍ഗണാക്രമം നിശ്ചയിക്കാന്‍ സെക്രട്ടറിതലസമിതിയും രൂപവത്കരിച്ചു.പദ്ധതികള്‍ ഇല്ലാതാകുന്നതോടൊപ്പം തുക അനുവദിക്കുന്നതും കുറയും. കേന്ദ്രവിഹിതം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണം.
ധനം, റവന്യു, വ്യവസായം, നിയമം, ജലം, ഊര്‍ജം, വനം, തദ്ദേശം, എക്സൈസ് മന്ത്രിമാര്‍ അടങ്ങുന്ന സമിതിയാണ് രൂപവത്കരിക്കുക. അനിവാര്യത കണക്കിലെടുത്താകും തുക അനുവദിക്കുക. ഫലത്തില്‍ പല പദ്ധികളും ഇല്ലാതാകും. എന്നാല്‍ ക്രമീകരണം നടത്തുന്നുവെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം. പദ്ധതികള്‍ അവലോകനംചെയ്ത് മുന്‍ഗണ നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ സെക്രട്ടറിമാരുടെ സമിതി രൂപവത്കരിക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിമാര്‍ക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. 26-ന് മുമ്പ് ഉത്തരവ് ഇറക്കണം. പരാതികളുണ്ടായാല്‍ പരിഗണിക്കാന്‍ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഉയര്‍ത്തിയ നിരക്കുകളില്‍ വര്‍ധനയുണ്ടാകില്ല. വിദ്യാര്‍ത്ഥികള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ ഒഴിവാക്കും.
വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും മന്ത്രിതല സമതി രൂപീകരിച്ചു.
193 Less than a minute