BREAKINGKERALA
Trending

‘മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് ഉത്തരവാദികളല്ല’; ന്യൂനപക്ഷ കമ്മീഷന് മറുപടി നല്‍കി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളില്‍ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ്. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നല്‍കിയ മറുപടിയില്‍ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. മുതലപ്പൊഴിയിലെ അപകടങ്ങളെ തുടര്‍ന്ന് ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ അദാനി ഗ്രൂപ്പിനെയും കക്ഷിചേര്‍ത്തിരുന്നു.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും അദാനി ഗ്രൂപ്പ് ഉത്തരവാദികളല്ല. പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം ആണെന്ന് വിദഗ്ധസമിതി അടക്കം കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഡ്രഡ്ജിങ് നടത്തിവരികയാണെന്നും അദാനി ഗ്രൂപ്പ് ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം അദാനി ഗ്രൂപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന സര്‍ക്കാര്‍ വിമര്‍ശനങ്ങളെ തള്ളുന്നതാണ് അദാനിയുടെ വിശദീകരണം.
അദാനി ഗ്രൂപ്പിനെ ഉപയോഗിച്ച് ഡ്രഡ്ജിങ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് കഴിഞ്ഞദിവസം നടന്ന പ്രത്യേക സീറ്റിംഗില്‍ ന്യൂനപക്ഷ കമ്മീഷന്‍ കുറ്റപ്പെടുത്തി. പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ചോദിച്ചിരുന്നു. വ്യക്തമായ മറുപടി നല്‍കാത്തതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി.

Related Articles

Back to top button