ലക്‌നൗ: ഉത്തര്‍പ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്‌സേനയെ കബളിപ്പിച്ച സൈബര്‍ തട്ടിപ്പുകാര്‍, അദ്ദേഹത്തെ ‘വീട്ടു തടങ്കലില്‍’ വെച്ച് മണിക്കൂറുകളോളം കവിത ചൊല്ലിച്ചു. തട്ടിപ്പാണെവന്ന് മനസിലായി വീട്ടിലുള്ള മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. ലക്‌നൗവില്‍ നിന്നുള്ള സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിച്ചിപ്പായിരുന്നു തട്ടിപ്പ്.
കള്ളപ്പണ കേസില്‍ പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് നരേഷ് സക്‌സേനയെ തട്ടിപ്പുകാര്‍ സമീപിച്ചത്. തുടര്‍ന്ന് മണിക്കൂറുകളോളം സംസാരിച്ചു. സ്വന്തം കവിതകള്‍ക്ക് പുറമെ മിര്‍സ ഗാലിബ് പോലെയുള്ളവരുടെ മറ്റ് കവിതകളും ചൊല്ലിച്ചു. അഞ്ച് മണിക്കൂറോളമാണ് ഇങ്ങനെ വ്യാജ ‘ചോദ്യം ചെയ്യല്‍’ നീണ്ടുപോയത്. മണിക്കൂറുകളോളം മുറിയുടെ വാതിലടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഒടുവില്‍ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പണമൊന്നും നഷ്ടമാവാതെ രക്ഷപ്പെട്ടു. ഗോംതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി.
ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് വീഡിയോ കോള്‍ വന്നത്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. തന്റെ ആധാര്‍ ഉപയോഗിച്ച് ആരോ ഒരാള്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും അതിലൂടെ കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് അറിയിച്ചു. മുബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ശേഷം താന്‍ സിബിഐയിലെ ഉദ്യോഗസ്ഥനായ രോഹന്‍ ശര്‍മയാണെന്ന് പരിചയപ്പെടുത്തി. അറസ്റ്റ് വാറണ്ട് ഉണ്ടെന്നും, എന്നാല്‍ ഇത്രയും സംസാരിച്ചപ്പോള്‍ താങ്കള്‍ നിരപരാധിയാണെന്ന് മനസിലായതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു. അല്ലെങ്കില്‍ നീണ്ട കാലം ജയിലില്‍ കിടക്കേണ്ടി വന്നേനെ എന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളെക്കുറിച്ച് ചോദിച്ചു. ബാങ്ക് അക്കൗണ്ടുകളും അതിലുള്ള പണവും ഇന്‍കം ടാക്‌സ് റിട്ടേണുകളെക്കുറിച്ചും അന്വേഷിച്ചു. പണം നിക്ഷേപം തുടങ്ങിയവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. പൊലീസ് യൂണിഫോമിലായിരുന്നതിനാല്‍ സംശയം തോന്നിയില്ലെന്ന് സക്‌സേന പറഞ്ഞു. മുറിയില്‍ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ അതിനെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് കവിത ചൊല്ലാന്‍ പറഞ്ഞു. സ്വന്തം കവിതകളും മിര്‍സ ഗാലിബ്, ഫൈസ് അഹമദ് ഫൈസ് എന്നിവരുടെയും കവികള്‍ ചൊല്ലിച്ചു. കവിതകള്‍ ഇഷ്ടമായെന്ന് പറഞ്ഞ് അഭിനന്ദിക്കാനും മറന്നില്ല. മൂന്ന് മണിക്ക് തുടങ്ങിയ സംസാരം രാത്രി എട്ട് മണി വരെ നീണ്ടു.
തുടര്‍ന്ന് മുംബൈ സിബിഐയുടെ തലവന്‍ എന്ന് പരിചയപ്പെടുത്തി മറ്റൊരാളെത്തി. അയാള്‍ക്കും കവിത കേള്‍ക്കണമെന്ന് പറഞ്ഞു. കേസ് 24 മണിക്കൂറിനകം തീര്‍പ്പാക്കാമെന്നും നിലവില്‍ വീട്ടു തടങ്കലില്‍ വെയ്ക്കുകയാണെന്നും ആയിരുന്നു അയാളുടെ വാക്കുകള്‍. മുറിയുടെ വാതില്‍ അടയ്ക്കാനും വീട്ടില്‍ ആരോടും പറയരുതെന്നും നിര്‍ദേശിച്ചു. വീഡിയോ കോളില്‍ തന്നെ കാണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ഏറെ നേരമായിട്ടും മുറി തുറക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയായിരുന്നു. മരുമകള്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ഫോണില്‍ വീഡിയോ കോള്‍ കണ്ടത്. ഉടന്‍ തന്നെ കോള്‍ കട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
****