ബെംഗളൂരു: രേണുക സ്വാമി കൊലക്കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ നടി പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയില്‍ മേക്കപ്പ് ധരിച്ച് കണ്ടതിനെത്തുടര്‍ന്ന് വനിതാ സബ് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ് നല്‍കി കര്‍ണാടക പൊലീസ്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി കന്നഡ സൂപ്പര്‍സ്റ്റാര്‍ ദര്‍ശന്‍ തൂഗുദീപയും മറ്റ് 15 പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
ഒന്നാം പ്രതി പവിത്രയെ ബെംഗളൂരുവിലെ വസതിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്ന വീഡിയോകളില്‍ മുഖത്ത് മേക്കപ്പും ലിപ്സ്റ്റിക്കും അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങുന്നത് കാണാമായിരുന്നു. ഈ ദൃശ്യങ്ങളാണ് പവിത്രയ്ക്ക് കസ്റ്റഡിയില്‍ പ്രത്യേക പരിഗണ ലഭിക്കുന്നുണ്ടോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
പവിത്ര എല്ലാ ദിവസവും രാത്രി തന്റെ മേക്കപ്പ് ബാഗ് സൂക്ഷിച്ചിരുന്ന വീട്ടിലാണ് തങ്ങിയിരുന്നത്. വനിതാ സബ് ഇന്‍സ്പെക്ടര്‍ എന്നും രാവിലെ ഇവിടെ പോയി പവിത്രയെ എപി നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോവുകയാണ് ചെയ്തിരുന്നത്. വനിതാ എസ്ഐയ്ക്ക് അത് തടയാമായിരുന്നുവെന്നും അതില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയതെന്നും ഡിസിപി ഗിരീഷ് പറഞ്ഞു.
കന്നഡ താരം ദര്‍ശന്റെ സുഹൃത്തായ പവിത്രയ്ക്ക് രേണുകസ്വാമി അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. നടന്റെ വീട്ടില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
1,137 1 minute read