BREAKING NEWSKERALA

പ്രമേയത്തെ അനുകൂലിച്ചിട്ടില്ല, സ്പീക്കര്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു; നിലപാട് മാറ്റി ഒ. രാജഗോപാല്‍

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ താന്‍ അനുകൂലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഒ.രാജഗോപാല്‍ എംഎല്‍എ. ബി.ജെ.പി എം.എല്‍.എ കേന്ദ്രസര്‍ക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാര്‍ത്ത വിവാദമായതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.
പ്രമേയത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്രബില്ലിനേയും കാര്‍ഷിക നിയമങ്ങളേയും എതിര്‍ക്കുന്നില്ല. താന്‍ കേന്ദ്രസര്‍ക്കാരിനെതിരേയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണ്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും സ്പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ല. ഇത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ഒ. രാജഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു.
നിയമഭേദഗതി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നായിരുന്നു കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പറഞ്ഞത്. നിയമ ഭേദഗതി നേരത്തെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചര്‍ച്ചക്ക് പ്രധാനമന്ത്രി എതിരല്ലെന്നും സഭയിലെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നതായും നിയമസഭയിലെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
നിയമസഭാ പ്രമേയത്തെ ഒ രാജഗോപാല്‍ അനുകൂലിച്ചുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാല്‍ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് തീര്‍ച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബിജെപി എംഎല്‍എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഒ രാജഗോപാല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button